Pala

ട്രോമാ ദിനത്തിൽ ‘സ്റ്റാർ’ ജീവൻ രക്ഷാ പരിശീലന പദ്ധതിയുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായും സ്റ്റുഡന്റ് പോലീസ് കേഡറ്റ്സുമായി ചേർന്ന് ആരംഭിച്ച ‘സ്പോട്ട് ട്രോമാ & ആക്സിഡന്റ് റെസ്ക്യൂ – സ്റ്റാർ’ പദ്ധതിയുടെ ഉൽഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ കിടങ്ങൂർ സെന്റ് മേരീസ് എച്ച്. എസ്. എസ്സിൽ നിർവ്വഹിച്ചു.

മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന ഒരുപാട് അപകട വാർത്തകളാണ് നിത്യേന നമ്മൾ കേട്ടുകൊണ്ടിരിക്കുന്നതെന്നും ഈ അവസരത്തിൽ അപകടത്തിൽ പെടുന്നവർക്ക് ലഭിക്കേണ്ട പ്രാഥമിക പരിചരണത്തിനെപ്പറ്റിയുള്ള പരിശീലനം സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിന് ലഭിക്കുന്നത് വഴി വലിയ ഒരു മാറ്റത്തിന് തുടക്കം കുറിക്കാൻ സാധിക്കും എന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു.

അപകടങ്ങയിൽ പെടുന്നവർക്ക് ആശുപത്രിൽ എത്തുന്നതിന് മുൻപ് ലഭിക്കുന്ന മികച്ച പ്രാഥമിക പരിചരണം അവരുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരെ സഹായിക്കാറുണ്ടെന്നും അടുത്ത ഒരു കൊല്ലം നീണ്ടു നിൽക്കുന്ന ‘സ്റ്റാർ’ പദ്ധതിയിലൂടെ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിന് പ്രാഥമിക പരിചരണത്തിനെപ്പറ്റിയുള്ള പരിശീലനം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധർ നൽകുമെന്നും മാർ സ്ലീവാ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ട്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.

വളരെ അർത്ഥപൂർണമായ ഒരു പരിപാടിക്കാണ് തുടക്കം കുറിക്കുന്നതെന്നും ഇതിലൂടെ ജീവന്റെ വില മനസ്സിലാക്കി സഹായഹസ്തവുമായി മുന്നോട്ട് വരുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ സാധിക്കുമെന്നും സെന്റ് മേരീസ് എച്ച്. എസ്. എസ് മാനേജർ റവ. ഫാ. ജോസ് നെടുങ്ങാട്ട് പറഞ്ഞു.

എസ്.പി.സിയുടെ എ.ഡി.എൻ.ഓ ശ്രീ. ഡി. ജയകുമാർ, കിടങ്ങൂർ ഗ്രേഡ് എസ്. ഐ ശ്രീ. ഗോപകുമാർ എം. റ്റി , ഹെഡ് മാസ്റ്റർ ശ്രീ. എബി കുരിയാക്കോസ്, മെഡിസിറ്റിയിലെ എമർജൻസി കൺസൽറ്റൻറ് ഡോ. ശ്രീജിത്ത് ആർ നായർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.