Pala

പാലായിൽ മഹാത്മാഗാന്ധി പ്രതിമ തിങ്കളാഴ്ച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അനാവരണം ചെയ്യും

പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പാലാ നഗരസഭ ലഭ്യമാക്കിയ സ്ഥലത്ത് നിർമ്മിച്ച ഗാന്ധിസ്ക്വയറിൽ സ്ഥാപിച്ച മഹാത്മാഗാന്ധി പ്രതിമയുടെ അനാവരണം ഡിസംബർ 5 ന് ഉച്ചയ്ക്ക് 12.15ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവ്വഹിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ് എന്നിവർ അറിയിച്ചു.

എം പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ മാണി, മാണി സി കാപ്പൻ എം എൽ എ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, ഫൗണ്ടേഷൻ രക്ഷാധികാരി ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും.

പൂഞ്ഞാർ – ഏറ്റുമാനൂർ ഹൈവേയിൽ മൂന്നാനിയിൽ ലോയേഴ്സ് ചേംബർ റൂട്ടിൽ പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഗാന്ധിസ്ക്വയറും പ്രതിമയും സ്ഥാപിച്ചിരിക്കന്നത്. ഗാന്ധിജിയുടെ 150 ജന്മവാർഷികം, ഗാന്ധിജിയുടെ കേരള സന്ദർശനത്തിൻ്റെ 100 വാർഷികം, ഭാരതസ്വാതന്ത്ര്യത്തിൻ്റെ 75 മത് വാർഷികം എന്നിവയുടെ ഭാഗമായിട്ടാണ് ഗാന്ധിജിക്ക് ആദരവ് ഒരുക്കുന്നതെന്ന് ഭാരവാഹികളായ സാംജി പഴേപറമ്പിൽ, സാബു എബ്രാഹം, ടോണി തോട്ടം എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published.