പാലാ: സന്നദ്ധസേവന പ്രവര്‍ത്തനങ്ങളിലും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ലയണ്‍സ് ക്ലബുകളുടെ പ്രവര്‍ത്തനം മാത്യകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജി. പത്മകുമാര്‍ പ്രസ്താവിച്ചു.

പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൃക്ക രോഗുകളെ സഹായിക്കുന്നതിനായി ലയണ്‍സ് ക്ലബുകള്‍ വഴി ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്യുന്നത് പാവപ്പെട്ട വൃക്കരോഗികള്‍ക്ക് ഒരു കൈത്താങ്ങാണെന്നും, ലയണ്‍സ് ക്ലബുകളുടെ സഹായ ഹസ്തം കൂടുതല്‍ മേഘലകളില്‍ കൂടി വ്യാപിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്‍റ് അഡ്വ. ആര്‍. മനോജ് പാലാ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി നായര്‍, മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ച പാലാ സബ്ബ് ജയില്‍ സൂപ്രണ്ട് സി. ഷാജി, കൊച്ചി എയര്‍പോര്‍ട്ട് സബ്ബ് ഇന്‍സ്പെക്ടര്‍ കെ.ബി ഹരികൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുന്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. സി. പി ജയകുമാര്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ആര്‍ വെങ്കിടാചലം ഡയാലിസിസ് കിറ്റുകളുടെ വിതരണം നിര്‍വ്വഹിച്ചു. പുതിയ അംഗങ്ങള്‍ക്ക് ജി.എസ്.ടി കോര്‍ഡിനേറ്റര്‍ വിന്നി ഫിലിപ്പ് സത്യ വാചകം ചൊല്ലിക്കൊടുത്തു, പാലാ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്‍റ് ജോയി തോമസ് പ്ലാത്തോട്ടം, അഡ്വ. ജോസഫ് കണ്ടത്തില്‍, അഡ്വ. ജോസഫ് ടി. ജോണ്‍, സാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.