Pala

ളാലം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം ഇന്ന് തുറക്കും: ഉത്‌ഘാടനം ഉച്ചയ്ക്ക് 1.10 ന്

പാലാ: ളാലം വില്ലേജ് ഓഫീസിനായി നിർമ്മിച്ച പുതിയ മന്ദിരം ഇന്ന് (വെള്ളി) തുറന്നുകൊടുക്കും. ഉച്ചയ്ക്ക് 01.10 – ന് റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.

മീനച്ചിൽ താലൂക്കിലെ ളാലം വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസായിരിക്കും. ആവശ്യമായ ഓഫീസ് ഉപകരണങ്ങൾ ഇവിടെ എത്തിച്ചു കഴിഞ്ഞു. പാലാ നഗരസഭാ പ്രദേശവും കരൂർ പഞ്ചായത്ത് പ്രദേശവും ഉൾപ്പെടുന്നതാണ് ളാലം വില്ലേജ്.

പാലാ മിനി സിവിൽ സ്റ്റേഷൻ്റെ ഒന്നാം നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന വില്ലേജ് ഓഫീസ് ഇതേ കോംപൗണ്ടിൽ തന്നെ പുതിയതായി നിർമ്മിച്ചിരിക്കുന്ന നവീന മന്ദിരത്തിലേക്കാണ് മാറുന്നത്. വിപുലമായ ഓഫീസ് സൗകര്യങ്ങളാണ് പുതിയ മന്ദിരത്തിൽ സജീകരിച്ചിരിക്കുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ 44 ലക്ഷം രൂപ മുടക്കിയാണ് പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്.

ഭിന്നശേഷി സൗഹൃദത്തോടു കൂടിയാണ് പുതിയ കെട്ടിട നിർമ്മാണം.. ഓഫീസ് സൗകര്യങ്ങൾക്ക് പുറമെ വില്ലേജ് ഓഫീസർക്കായി പ്രത്യേക മുറി, ഫ്രണ്ട് ഓഫീസ് , പൊതുജനങ്ങൾക്ക് പ്രത്യേക ഇരിപ്പിട സ്ഥലം, ജീവനക്കാർക്കും ഓഫീസിലെത്തുന്നവർക്കുമായി പ്രത്യേക ടോയ്ലറ്റുകൾ, കോൺഫ്രൻസ് ഹാൾ, സ്റ്റോർ റൂo എന്നിവയും പുതിയ മന്ദിരത്തിലുണ്ട്.നിർമ്മിതികേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. ജനപ്രതിനിധികളും വിവിധ കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.

Leave a Reply

Your email address will not be published.