ഈരാറ്റുപേട്ട: അടിവാരം പെരിങ്ങുളം നിവാസികളുടെ അനുഗ്രഹമായിരുന്നു കൃത്യമായി സർവ്വീസ് നടത്തിയിരുന്ന KSRTC ബസ്സുകൾ. വെളുപ്പിന് 4.30 ന് ആരംഭിച്ച് വൈകുന്നേരം 10 മണി വരെ ഏകദ്ദേശം 16 ട്രിപ്പുകൾ നാട്ടുകാരുടെ യാത്രാസൗകര്യത്തിനായി സർവ്വീസ് നടത്തിയിരുന്നു. ഇത്രയും സർവ്വീസുകൾ ഉണ്ടായിരുന്നപ്പോൾ KSRTC ബസുകളിൽ മാത്രം യാത്ര ചെയ്യുവാൻ താല്പര്യം കാണിച്ചിരുന്നവരും ഏറെയായിരുന്നു.
ഈ ബസ്സുകളെല്ലാം ആരംഭിച്ചത് നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും നിരന്തരമായ പരിശ്രമം കൊണ്ടു മാത്രമായിരുന്നു. ഈ ചരിത്രമെല്ലാം മറന്നു കൊണ്ട് ഇന്നത്തെ KSRTC അധികാരികൾ ഈ ഗ്രാമവാസികളോട് കാണിക്കുന്ന അവഗണന സഹിക്കുവാൻ സാധിക്കുന്നില്ല. കൊറോണായുടെ പേരിൽ നിർത്തിയ ബസുകൾ ഇപ്പോൾ എവിടെയാണെന്ന് നാട്ടുകാർ ചോദിക്കുന്നു.
ഭൂരിഭാഗം ആളുകളും ദൂര ദേശങ്ങളിൽ ദിവസേന യാത്ര ചെയ്ത് കൂലി വേല ചെയ്യുന്നവരാണ്. അവരുടെ യാത്രാ സൗകര്യങ്ങൾ തട്ടിയെടുക്കുന്നതും നിഷേധിക്കുന്നതും അംഗീകരിക്കാനാവില്ല. നഗര പ്രദേശങ്ങളിൽ സ്വകാര്യ ബസുകളും KSRTC യും മത്സരിച്ച് അരങ്ങ് തകർക്കുമ്പോൾ സ്വകാര്യ ബസുകൾക്ക് അകമ്പടി സേവിക്കുന്ന KSRTC പിൻവലിച്ച് തങ്ങളുടെ നിറുത്തി കളഞ്ഞ എല്ലാ ബസുകളും ഉടൻ തന്നെ പുനരാരംഭിക്കുവാനുള്ള നടപടികൾ MLA ഉപ്പെടെയുള്ള എല്ലാ ജനപ്രതിനിധികളും KSRTC അധികാരികളും കൈകൊളളണം.
ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും പാലായിലും മറ്റും പഠിക്കുന്ന വിദ്യാർത്ഥികളുടെ ആശ്രയമായിരുന്ന 8.30 ന്റെ ബസും ഈ ദിവസങ്ങളിൽ സർവ്വീസ് നടത്തുന്നില്ലായെന്നുള്ള ദുഃഖകരമായ കാര്യം അധികാരികളറിയണം. മലബാർ യാത്ര കഴിഞ്ഞ് വെളുപ്പാൻ കാലത്ത് അടിവാരത്തിന് ഇപ്പോൾ സർവ്വീസുള്ളത് 7.45 ന് മാത്രമാണ്. ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ 8. 20 ന് തുടങ്ങിയ ആലപ്പുഴ ഫാസ്റ്റ് എവിടെ?. വൈകുന്നേരം 5 മണിക്ക് പാലായ്ക്ക് പുറപ്പെടുന്ന സ്വകാര്യ ബസിന് തൊട്ടുപിറകിലായി വെറും 5 മിനിറ്റ് ഇടവേളയിൽ സർവ്വീസ് നടത്തുന്നത് ആർക്കുവേണ്ടി? എന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. പതിനഞ്ചു മിനിറ്റിനു ശേഷം ഈ ബസ് പുറപ്പെട്ടാൽ എത്രയോ യാത്രക്കാർക്ക് ഇത് പ്രയോജനപ്പെടും. ദീർഘ ദൂര ബസുകളും അനുവദിക്കണം.
ഇവിടെ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെല്ലാം പന്ത്രണ്ടായിരത്തിന് മുകളിൽ കളക്ഷനുണ്ട്. കൃത്യമായ ഇടവേളകളിൽ സർവ്വീസ് നടത്തി ഒന്നര മണിക്കൂർ വരെ ബസ് കാത്ത് നില്ക്കേണ്ട ദുരവസ്ഥയിൽ നിന്നും ഈ ഗ്രാമവാസികളെ രക്ഷിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.