kozhuvanal news

കൊഴുവനാലിൽ രോഗികൾക്ക് മരുന്നും പരിചരണവുമായി ആംബുലൻസ് എത്തും

കൊഴുവനാൽ: ജോസ് കെ. മാണി എം.പി യുടെ കരുതലില്‍ കൊഴുവനാൽ ഗ്രാമ പഞ്ചായത്തിന് പുതിയ ആംബുലന്‍സ് ലഭിച്ചു. കൊഴുവനാല്‍ പഞ്ചായത്തിന്‍റെ കിടപ്പുരോഗീ പരിചരണ പദ്ധതിക്കുവേണ്ടി ജോസ് കെ.മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 12.50 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ നവീന സൗകര്യങ്ങളുള്ള ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു.

വയോജനങ്ങൾക്കും കിടപ്പു രോഗികൾക്കും മെച്ചപ്പെട്ട പരിചരണം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിമ്മി ട്വിങ്കിള്‍ രാജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ജോസ് കെ.മാണി എം.പി. ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു.

കൊഴുവനാല്‍ പഞ്ചായത്തിലെ കിടപ്പുരോഗികളുടെ വീട്ടില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനൊപ്പം ഒരോരോഗിയുടേയും വീട്ടില്‍ ആംബുലന്‍സില്‍ ചെന്ന് അവര്‍ക്കാവശ്യമായ നഴ്സിംഗ് പരിചരണങ്ങളും ആവശ്യമെങ്കില്‍ ആശുപത്രിയിലെത്തിക്കുന്നത് ഉള്‍പ്പെടെ നിരവധി പാലിയേറ്റീവ് പദ്ധതികള്‍ പഞ്ചായത്തില്‍ നിന്ന് ഇപ്പോൾ ചെയ്തുവരുന്നതായി പ്രസിഡണ്ട് നിമ്മി ടിക്വിൾ രാജ്പറഞ്ഞു.

2009 ല്‍ ആഴ്ചയിലൊരുദിവസം മാത്രമായി തുടങ്ങിയ പദ്ധതി ഇപ്പോള്‍ മാസത്തില്‍ 16 ദിവസവും ഏകദേശം 150 ൽ പരം രോഗികള്‍ക്ക് പരിചരണവും നല്‍കിവരുന്നുണ്ട്. നവീന ആംബുലൻസ് സൗകര്യം ലഭ്യമായതോടെ കൂടുതല്‍ കാര്യക്ഷമതയോടു കൂടി പാലിയേറ്റീവ് പദ്ധതി പ്രവർത്തനം നിര്‍വ്വഹിക്കുവാന്‍ ഉപകരിക്കുന്നതാണ്.

യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാത്യു തോമസ്, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെസ്സി ജോർജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രമ്യ രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിതാ വിനോദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോസഫ് പി സി, ഗോപി കെ ആർ, ലീലാമ്മ ബിജു, അഡ്വക്കേറ്റ് അനീഷ് ജി, മഞ്ജു ദിലീപ് , മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യാ ജോര്‍ജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.