Mundakkayam

കോരുത്തോട് സി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ പാചകപ്പുര ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം : കോരുത്തോട് സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി ഹൈസ്കൂളിന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് പുതുതായി നിർമ്മിച്ച സ്കൂൾ പാചകപ്പുരയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.

1700ഓളം കുട്ടികൾ പഠിക്കുന്നതും, 1 മുതൽ 12 വരെ ക്ലാസുകൾ ഉള്ളതുമായ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ സ്കൂളിൽ വർഷങ്ങളായി താൽക്കാലിക ഷെഡിലായിരുന്നു കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കിയിരുന്നത്.

എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ആധുനിക പാചകപ്പുര സ്കൂളിന്റെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. സ്കൂൾ അധികൃതരും പിടിഎയും ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയതിനെത്തുടർന്നാണ് പാചകപ്പുര നിർമ്മിക്കുന്നതിന് പത്ത് ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചത്.

ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ എം.എസ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. കോരുത്തോട് ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സി.സി തോമസ്, മെമ്പർമാരായ ശ്രീജ ഷൈൻ, സന്ധ്യാ വിനോദ്, പിടിഎ പ്രസിഡന്റ് സണ്ണി വെട്ടുകല്ലേൽ, സി കെ എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റ്റിറ്റി.എസ്, കേരള കോൺഗ്രസ് (എം)മണ്ഡലം പ്രസിഡന്റ് ജോയി പുരയിടം, ബിന്ദു ആർ, ഷാജി മാൻകുഴിയിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.