Uzhavoor

കിസാൻ റെയിൽ പദ്ധതി ഉടൻ നടപ്പാക്കും: മന്ത്രി ജെ ചിഞ്ചുറാണി

ഉഴവൂർ : കേരളത്തിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് റെയിൽവേയുമായി സഹകരിച്ചുള്ള കിസാൻ റെയിൽ പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ക്ഷീര വികസന വകുപ്പ് ഉഴവൂർ ബ്ലോക്കിൽ സംഘടിപ്പിച്ച ക്ഷീരകർഷകസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കിസാൻ റെയിൽ പദ്ധതിയിലൂടെ ചോളം തണ്ടിൽ നിന്ന് നിർമിക്കുന്ന സൈലേജ് ഉൾപ്പെടെയുള്ള തീറ്റകൾ പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ ചെലവിൽ റെയിൽ മാർഗം കേരളത്തിലെത്തിക്കാൻ കഴിയും. കൂടാതെ പച്ചപ്പുൽ കൃഷി വ്യാപകമാക്കാനും പദ്ധതിയുണ്ട്.

നിലവിൽ പച്ചപ്പുൽ കൃഷിക്ക് ഏക്കറിന് 16,000 രൂപയാണ് സബ്സിഡി നൽകുന്നത്. ഇതിന് പുറമേ കാലിത്തീറ്റക്കായി ചോളം കൃഷിയും വ്യാപകമാക്കും. മൃഗസംരക്ഷണ വകുപ്പ് 28 കോടി രൂപയാണ് ക്ഷീരമേഖലക്ക് മാറ്റിവച്ചിരിക്കുന്നത്. മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന പാൽ വില സബ്സിഡി ഒരുമിച്ച് ക്ഷീരകർഷകരുടെ അക്കൗണ്ടിലെത്തുമെന്നും മന്ത്രി പറഞ്ഞു.

ബി.പി.എൽ വിഭാഗത്തിലെ കുടുംബങ്ങൾക്ക് 90 ശതമാനം സബ്സിഡിയോടെ പശുവിനെ നൽക്കുന്ന പദ്ധതിയും ഉടൻ നടപ്പാക്കും. ക്ഷീരമേഖലയിൽ പുതിയ സംരംഭകരെ കൊണ്ടുവരാൻ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

വെറ്ററിനറി ആശുപത്രികളിൽ ആധുനിക സംവിധാനങ്ങളോടു കൂടിയ ആംബുലൻസ് സൗകര്യവും ലഭ്യമാക്കും. ഇതിലൂടെ ക്ഷീരകർഷകരുടെ വീടുകളിലെത്തി പശുക്കളെ പരിശോധിച്ച് ചികിത്സ ലഭ്യമാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെ ധനസഹായത്തോടെ മാഞ്ഞൂർ ക്ഷീര സംഘത്തിൽ സ്ഥാപിച്ച സോളാർ പവർ യൂണിറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ക്ഷീരസംഗമത്തോട് അനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഗവ്യ ജാലകം, സെമിനാറുകൾ എന്നിവ നടന്നു. ചടങ്ങിൽ ബ്ലോക്കിലെ മികച്ച ക്ഷീര കർഷകർ, വനിത ക്ഷീര കർഷകർ, എസ്. സി – എസ്.ടി വിഭാഗം ക്ഷീര കർഷകർ എന്നിവരെ ആദരിച്ചു.

അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷനായി. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ഡോ. സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കോമളവല്ലി രവീന്ദ്രൻ, മിനി മത്തായി, ബിൻസി സിറിയക്, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.