കാഞ്ഞിരപ്പള്ളി: കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി നടക്കുന്ന അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി സമരത്തിന് പിന്നിൽ തത്പര കക്ഷികളുടെ അജണ്ടയാണെന്ന് വിമർശിച്ച് കാഞ്ഞിരപ്പള്ളി രൂപത രംഗത്ത്. ചില തത്പര കക്ഷികൾ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യൻ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത അടുത്തകാലത്ത് കണ്ടുവരുന്നത് സങ്കടകരമാണെന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ പറഞ്ഞു.

ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് കോളേജ് അധികൃതർ കോട്ടയം എസ് പി ക്ക് കത്ത് നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റിന് വീഴ്ച പറ്റിയിട്ടില്ല. എത്രയും പെട്ടന്നുതന്നെ കുട്ടിയെ മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലിൽ എത്തിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

ലാബിൽ ഫോൺ ഉപയോഗിച്ചതിനാൽ യൂണിവേഴ്സിറ്റി നിയമം അനുസരിച്ചാണ് ഫോൺ വാങ്ങി വച്ചത്. ഇക്കാര്യം കുട്ടിയുടെ വീട്ടിൽ അറിയിച്ചിരുന്നു. സംഭവ ദിവസം സന്ധ്യയ്ക്ക് കുട്ടിയുടെ അമ്മ ഫോണിൽ വിളിച്ചിട്ടും സംസാരിക്കാൻ ശ്രദ്ധ തയാറായിരുന്നില്ലെന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു.