പാലാ: ഒൻപത് വർഷം മുമ്പ് പണി പൂർത്തിയായിട്ടും അപ്രോച്ച് ഇല്ലാത്തതിനാൽ ഉപയോഗിക്കുവാൻ കഴിയാതെ കിടക്കുന്ന കളരിയമ്മാക്കൽ പാലത്തിന് അപ്രോച്ച് റോഡും തുടർ റോഡും നിർമ്മിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടു പാലാ പൗരാവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ ജനകീയ പ്രതിഷേധസമരം സംഘടിപ്പിച്ചു.

ഗാന്ധി പ്രതിമക്ക് മുൻപിൽ നടന്ന ആദ്യ സമരം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനും തുടർ റോഡ് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുമായി കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് താൻ പണം അനുവദിപ്പിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ അത് തടസ്സപ്പെട്ടുകിടക്കുകയാണ്.
മീനച്ചിൽ പഞ്ചായത്തിനെയും പാലാ മുനിസിപ്പാലിറ്റിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ജനങ്ങൾക്കു ഏറെ പ്രയോജനകരമാണെന്നും എം എൽ എ പറഞ്ഞു.പ്രസിഡന്റ് അഡ്വ സന്തോഷ് മണർകാട്ട് അധ്യക്ഷത വഹിച്ചു.
സലിം പി മാത്യു, സജി മഞ്ഞക്കടമ്പിൽ, ബിജു പുന്നത്താനം, സാജു എം ഫിലിപ്പ്, ജോർജ് പുളിങ്കാട്, മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, സാബു എബ്രഹാം, എം പി കൃഷ്ണൻനായർ, കെ റ്റി ജോസഫ്, ഷോജി ഗോപി, ഷിബു പൂവേലി, ജോഷി വട്ടക്കുന്നേൽ, ജോഷി നെല്ലിക്കുന്നേൽ, ആന്റോച്ചൻ ജെയിംസ്, അണ്ണൻ പ്രശാന്ത്, നിബിൻ, മുനിസിപ്പൽ കൗൺസിലർമാരായ ജോസ് എടേട്ട്, വി സി പ്രിൻസ്, മായാ രാഹുൽ, സിജി ടോണി എന്നിവർ പ്രസംഗിച്ചു.