കടനാട്: കടനാട്ടിൽ പേപ്പട്ടിയുടെ വിളയാട്ടം. രണ്ടു സ്കൂൾ കുട്ടികളടക്കം ആറുപേർക്കാണ് പേപ്പട്ടിയുടെ ആക്രമണത്തിൽ ഇന്നലെ പരിക്കേറ്റത്. നാട്ടുകാരായ നാലു പേരും കടിയേറ്റവരിൽ ഉൾപ്പെടുന്നു. നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.
കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ അൽജിൻ, അർജുൻ എന്നിവർക്കാണ് കടിയേറ്റത്. രാവിലെ 8.30 ന് സൈക്കിളിൽ സ്കൂളിലേക്ക് വരുമ്പോൾ വല്യാത്ത് കവലക്കു സമീപം പിന്തുടർന്നെത്തിയപേപ്പട്ടി ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും കാലിലാണ് കടിയേറ്റത്.
പുലർച്ചെ സ്കൂട്ടറിൽ പോകുകയായിരുന്ന കടനാട് സ്വദേശി ടോമിയെ വാളികുളത്ത് വച്ച്പി ന്നാലെയെത്തിയാണ് ആക്രമിച്ചത്. തുടർന്ന് പാലസ് ജംഗ്‌ഷനു സമീപം രാജേഷിനെ വീട്ടിൽ കയറി കടിച്ചു മുറിവേല്‌പിച്ചു. പിന്നീട് റോഡിലൂടെ നടന്നു പോകുകയായിരുന്ന പിഴക് സ്വദേശി തോമസിനെയും വല്യാത്ത് സ്വദേശി ടാപ്പിംഗ് തൊഴിലാളി തങ്കച്ചനെയും കടിച്ചു. ഇവരെല്ലാം പ്രഥമ ശുശ്രൂഷക്കു ശേഷം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.
വല്യാത്ത് വാടകയ്ക്കു താമസിക്കുന്ന ശ്രീലക്ഷ്മിയുടെ വീട്ടിൽ പ്രസവിച്ചു കിടന്ന നായയേ കടിക്കുകയും നാലു കുഞ്ഞുങ്ങളെ കടിച്ചു കൊല്ലുകയും ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. സംഭവമറിഞ്ഞ് മാണി സി. കാപ്പൻ എം.എൽ.എ. വിദ്യാർഥികളെ സന്ദർശിച്ചു. മേലുകാവ് പോലീസും സ്ഥലത്തെത്തിയിരുന്നു.
നിരവധി ആളുകളെയും വളർത്തുമൃഗങ്ങളെയും പേപ്പട്ടി കടിച്ച സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണെന്നും ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സ്കൂൾ പി.ടി.എ. പ്രസിഡന്റ് സിബി അഴകൻപറമ്പിൽ,ഹെഡ്മാസ്റ്റർ സജി തോമസ് എന്നിവർ ആവശ്യപ്പെട്ടു.