പാലക്കാട്ടെ കഞ്ചിക്കോട് ഇലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണത്തിനായി ബ്രൂവറി-ഡിസ്റ്റിലറി യൂണിറ്റിന് നല്‍കിയിരിക്കുന്ന അനുമതി അടിയന്തിരമായി പിന്‍വലിച്ച് കുടിവെള്ള പദ്ധതികള്‍ പോലുള്ള ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ടെമ്പറന്‍സ് കമ്മീഷനും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയും മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
കത്ത് ഇപ്രകാരമാണ്:
സര്, എന്തെന്നാല്‍ അങ്ങ് പ്രതിനിധാനം ചെയ്യുന്ന മുന്നണി 2016 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന വാഗ്ദാനം ഇങ്ങനെ ആയിരുന്നില്ലേ. ”മദ്യം കേരളത്തില്‍ ഗുരുതരമായൊരു സാമൂഹ്യവിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക.
മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയ ബോധവല്‍ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും.
ഡി-അഡിക്ഷന് സെന്ററുകള്‍ സ്ഥാപിക്കും. മദ്യവിരുദ്ധ സമിതിയുമായുള്ള സഹകരണം ശക്തിപ്പെടുത്തും. മദ്യം പോലെ സാമൂഹ്യഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാകുകയാണ്. ഇതിനെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിക്കും”.
ഇപ്രകാരം ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനമാണ് കഞ്ചിക്കോട് മദ്യ ഉല്പാദനത്തിന് ഒയാസിസ് എന്ന കമ്പനിക്ക് ലൈസന്‍സ് നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തിലൂടെ ലംഘിച്ചിട്ടുള്ളത്. ഇടതു മുന്നണി അധികാരത്തില്‍ വരുന്നതിന് മുമ്പ് കേവലം 29 ബാറുകള്‍ മാത്രമുണ്ടായിരുന്നത് ഇപ്പോള്‍ 1000-ലധികം ആയിരിക്കുന്നു.
ബിവറേജ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും കള്ളുഷാപ്പുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും നൂറുകണക്കിന് അനുവദിക്കപ്പെട്ടു. ഇതോടൊപ്പം കഴിഞ്ഞ എട്ടര വര്‍ഷംകൊണ്ട് കഞ്ചാവ്, മയക്കുമരുന്ന് ലോബികള്‍ വ്യാപകമായി.
മദ്യത്തിന്റെ ലഭ്യതക്കുറവാണ് മയക്കുമരുന്ന് വ്യാപിക്കാന്‍ കാരണമായതെന്ന അധികാരികളുടെ നിലപാട് തെറ്റാണ്. മദ്യശാലകളും മദ്യ ഉപയോഗവും സംസ്ഥാന ചരിത്രത്തിലാദ്യമായി പെരുകി. പാവനമായി കരുതേണ്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ഇപ്രകാരം തീര്‍ത്തും അവഗണിക്കരുത്.
മദ്യപരെയും ഇനിയും മദ്യപിക്കാത്തവരെയും മദ്യപാനത്തിന്റെ പടുകുഴിയില്‍ തള്ളാന്‍ ഈ നയം കാരണമാകും. ആയതിനാല്‍ മദ്യത്തിന്റെയും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള മറ്റ് ലഹരിപദാര്‍ത്ഥങ്ങളുടെയും ആപല്‍ക്കരമായ വ്യാപനം അവസാനിപ്പിക്കുന്നതിനും കഞ്ചിക്കോട്ടെ ബ്രൂവറി-ഡിസ്റ്റിലറി മദ്യനിര്‍മ്മാണ യൂണിറ്റിന്റെ അനുമതി റദ്ദാക്കുന്നതിനും ഫലപ്രദമായ നടപടികള്‍ അങ്ങ് സ്വീകരിക്കണമെന്നും താത്പര്യപ്പെടുന്നു.
കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന് ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിനുവേണ്ടി സംസ്ഥാന സീനിയര്‍ സെക്രട്ടറിമാരായ ഫാ. ജോണ്‍ അരീക്കലും പ്രസാദ് കുരുവിളയുമാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.