പാലാ: യുഡിഎഫും ബിജെപിയും കേരളത്തില്‍ തുടര്‍ന്നുവരുന്ന പ്രതികാര രാഷ്ട്രീയത്തെയും കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെയും ഇച്ഛാശക്തി കൊണ്ട് പ്രതിരോധിച്ച് ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചാണ് എല്‍ഡിഎഫ് സര്‍കാര്‍ കേരളത്തെ വികസന രംഗത്ത് നയിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി.
എല്‍ഡിഎഫ് തുടര്‍ഭരണത്തിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പാലായില്‍ സംഘടിപ്പിച്ച വമ്പിച്ച റാലിയോടനുബന്ധിച്ച് ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ മാണി.
പാവപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് വികസനരംഗത്ത് കൈക്കൊണ്ട നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം സൃഷ്ടിച്ചത്. സര്‍ക്കാരിന്റെ കരുതല്‍ അനുഭവിക്കാത്ത ഒരു വിഭാഗവും കേരളത്തിലില്ല.

ഇതിന്റെ പ്രതിഫലനമാണ് വിദ്യാഭ്യാസ, ആരോഗ്യ, പൊതു ഗതാഗത രംഗങ്ങളിലാകെ ദൃശ്യമാകുന്നത്. ലൈഫ് ഭവന പദ്ധതി ഉള്‍പ്പെടെ സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികള്‍ മറ്റൊരു സംസ്ഥാനത്തിനും കേരളത്തിലെ തന്നെ മുന്‍ സര്‍ക്കാരുകള്‍ക്ക് ഒന്നിനും അവകാശപ്പെടാന്‍ ആകാത്ത വികസന നേട്ടങ്ങളാണ്.
എന്നാല്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത്തരം നടപടികളെ മറികടന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കര്‍ശന സാമ്പത്തിക അച്ചടക്കം പാലിച്ചാണ് കേരളം സാമ്പത്തികമായി രാജ്യത്ത് ഒന്നാമതായി വളര്‍ച്ച കൈവരിച്ചത്.
കേരളത്തിന്റെ ബജറ്റിനെ പോലും തകര്‍ക്കാനുള്ള പ്രതികാര നടപടികളാണ് കേന്ദ്രം സ്വീകരിച്ചത്. വികസനരംഗത്ത് മുന്നേറുമ്പോള്‍ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന സമീപനമാണ് കേന്ദ്രം അനുവര്‍ത്തിക്കുന്നത്.
ഇതിനിടെയാണ് സംസ്ഥാനത്തെ സമാധാന ജീവിതം തകര്‍ക്കാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍. വര്‍ഗീയതയും മതപരമായ വിഭാഗീതയും ജാതീയമായ വേര്‍തിരിവും സൃഷ്ടിച്ച് ഭിന്നിപ്പിക്കല്‍ തന്ത്രത്തിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ചര്‍ച്ചകള്‍ പോലും അനുവദിക്കാതെ ഏകപക്ഷീയമായ ഭരണനടപടികളാണ് കേന്ദ്രം തുടരുന്നത്. രാജ്യത്തിന്റെ ചരിത്രവും ശാസ്ത്രവും തിരുത്തുന്ന ബിജെപി ജനാധിപത്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന നടപടികളാണ് തുടരുന്നത്. ഭരണഘടനയെ പോലും തകര്‍ക്കാനാണ് ശ്രമം.
വര്‍ഗീയതയെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജ്യവും ഭരണഘടനയും ജനാധിപത്യവും ഭീഷണിയിലാകും. എന്നാല്‍ ഇതിനെ നേരിടുന്നതില്‍ കോണ്‍ഗ്രസ് തികഞ്ഞ പരാജയമാണ്- ജോസ് കെ മാണി പറഞ്ഞു.
യോഗത്തില്‍ ലാലിച്ചന്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം വിശ്വന്‍, ബാബു കെ.ജോര്‍ജ്, വി.ബി.ബിനു. എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനവും നടത്തി. പ്രൊഫ. ലോപ്പസ് മാത്യു, സണ്ണി ഡേവിഡ്, അഡ്വ. ജോസ് ടോം, ഫ്രാന്‍സിസ് തോമസ്, ബെന്നി മൈലാടൂര്‍, ഷെമീര്‍ അഞ്ചലിപ്പ, ഷാജി കടമല ,ഫിലിപ്പ് കുഴികുളം, പി.എം. ജോസഫ്, ടോബിന്‍ കെ അലക്‌സ്, പീറ്റര്‍ പന്തലാനി, വി.എല്‍. സെബാസ്ത്യന്‍, ജോസിന്‍ ബിനോ, പെണ്ണമ്മ ജോസഫ്, നിര്‍മ്മല ജിമ്മി എന്നിവര്‍ നേതൃത്വം നല്‍കി.