പാലാ: പാലായുടെ ഭാവി ഇനി ടൂറിസത്തിലാണെന്ന് മാണി സി എം എൽ എ പറഞ്ഞു. മേലുകാവ് ഇലവീഴാപൂഞ്ചിറയും തലനാട് ഇല്ലിക്കൽ കല്ലും ഉൾപ്പെടുന്ന ടൂറിസം കേന്ദ്രങ്ങൾ വരുംകാലങ്ങളിൽ ടൂറിസം ഡെസ്റ്റിനേഷനുകളായി മാറുമെന്ന് എംഎൽഎ പറഞ്ഞു. ഇലവീഴാപൂഞ്ചിറ യിലേക്കുള്ള റോഡ് നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ എത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങൾ കാണാൻ ആകുന്ന പൂഞ്ചിറയുടെ ദൃശ്യഭംഗി ചിത്രീകരിക്കുന്ന സിനിമ ലൊക്കേഷനായി ഇവിടം മാറുമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. റോഡ് പൂർത്തിയാകുന്നതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകും. ഇതോടെ ഹോംസ്റ്റേകൾ അടക്കം പ്രവർത്തനം ആരംഭിക്കും. ഇത് പ്രദേശവാസികളുടെ സാമ്പത്തിക അഭിവൃത്തി കാരണമാകുമെന്നും എംഎൽഎ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് അഞ്ചുകോടി രൂപയിൽ ഒതുങ്ങുന്ന പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ സ്ഥാപിക്കാൻ അഭ്യർത്ഥിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.
11 കോടി 12 ലക്ഷം രൂപ ഉപയോഗിച്ചാണ് അഞ്ചര കിലോമീറ്റർ ദൂരം വരുന്ന മേലുകാവ് ഇലവീഴാപൂഞ്ചിറ റോഡ് നവീകരണ പ്രവർത്തനം നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് അഭ്യർത്ഥിക്കാൻ ചെന്ന മാണി സി കാപ്പൻ നാട്ടുകാർക്ക് നൽകിയ വാഗ്ദാനപൂർത്തീകരണം കൂടിയാണിത്.
ബിഎം ബി സി നിലവാരത്തിലാണ് റോഡ് പൂർത്തിയാകുന്നത്. റോഡിന്റെ പകുതിയോളം നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. ഓട നിർമ്മാണം ഇതോടൊപ്പം നടക്കുന്നുണ്ട്. മാർച്ച് 31 വരെ നിർമ്മാണ പൂർത്തീകരണത്തിന് സമയമുണ്ടെങ്കിലും അതിനു മുൻപ് തന്നെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കാപ്പൻ പറഞ്ഞു.
മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് വടക്കേൽ, മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ജോഷ്വാ, തലപ്പലം പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിന്ദു സെബാസ്റ്റ്യൻ, മറിയാമ്മ ഫെർണാണ്ടസ്, പഞ്ചായത്ത് മെമ്പർമാരായ പി എൽ ജോസഫ്, ടി ജെ ബഞ്ചമിൻ, ബിൻസി ടോമി, എ ജെ സെബാസ്റ്റ്യൻ, പ്രസന്ന സോമൻ, പാലാ മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, ഉണ്ണി മുട്ടത്ത്, കണ്ണൻ ഇടപ്പാടി, ബിജു മേലുകാവ്, സുനിൽ ഐസക്, സ്റ്റാൻലി ജെയിംസ്, എം പി കൃഷ്ണൻനായർ തുടങ്ങിയവരും എം എൽ എ യ്ക്കൊപ്പം ഉണ്ടായിരുന്നു.