കാഞ്ഞിരപ്പളളി :കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുളള 7 ഗ്രാമപഞ്ചായത്തുകളിലും ഔഷധസസ്യ തോട്ടങ്ങള്‍ വ്യാപകമാക്കുന്നതിന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ടില്‍ നിർമ്മിച്ച ആയുഷ് ആരാമം മാതൃകാ ഔഷധ സസ്യ തോട്ടത്തിന്റെ ഉദ്‌ഘാടനം പ്രസിഡന്റ് അജിത രതീഷ് നിർവഹിച്ചു.
സുഖോദയ ആയുർവേദ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ഔഷധസസ്യതോട്ടം നിർമ്മിച്ചത്. കാഞ്ഞിരപ്പളളി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലായി 2022-23 സാമ്പത്തിക വർഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 6 ലക്ഷത്തിലധികം തൊഴില്‍ സൃഷ്ടിക്കുകയും വിവിധ സ്കീമുകളിലായി 25 കോടി 29 ലക്ഷം രൂപ ചിലവഴിച്ച് ജില്ലയില്‍ മികച്ച നേട്ടം കരസ്ഥമാക്കുകയും ചെയ്തു.

മികച്ച പ്രവർത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെയിംസ് പി സൈമണ്‍, സിന്ധു മുരളീധരന്‍, ശ്രീജ ഷൈന്‍, വിജയമ്മ വിജയലാല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജലി ജേക്കബ്,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റ്റി.എസ്. കൃഷ്ണകുമാര്‍, ജയശ്രീ ഗോപിദാസ്, അംഗങ്ങളായ ജോളി മടുക്കകുഴി, ഷക്കീലാ നസീര്, പി.കെ. പ്രദീപ്, രത്നമ്മ രവീന്ദ്രന്‍, ബി.ഡി.ഒ. ഫൈസല്‍. എസ്, ജി.ഇ.ഒ. സുബി വി.എസ്., സുഖോദയ ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടര്മാരായ ഡോ. ഗ്ലാഡിസ്, ഡോ. റീത്ത തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.