പാലാ: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മൂന്നാനി ലോയേഴ്സ് ചേംബർ റൂട്ടിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധിസ്ക്വയറിൽ ഇന്ന് (30/01/2023) വിവിധ പരിപാടികൾ നടക്കും.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെയും പാലാ പൗരാവകാശ സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും ഗാന്ധിസ്മൃതി അനുസ്മരണവും നടത്തും.

രാവിലെ 9 ന് മാണി സി കാപ്പൻ എം എൽ എ ഗാന്ധി സ്മൃതിദിനാചരണം ഉദ്ഘാടനം ചെയ്യും. എബി ജെ ജോസ് ഗാന്ധിസ്മൃതി അനുസ്മരണ പ്രഭാഷണം നടത്തും. പൗരാവകാശ സംരക്ഷണസമിതി പ്രസിഡൻ്റ് അഡ്വ സന്തോഷ് മണർകാട് അധ്യക്ഷത വഹിക്കും.
തുടർന്ന് വൈകിട്ട് 5 വരെ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, സംഘടനകൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വിവിധ സമയങ്ങളിൽ നടക്കുന്ന പുഷ്പ്പാർച്ചനയിൽ പങ്കെടുക്കും.
പുഷ്പാർച്ചനയ്ക്കു ആവശ്യമായ സൗകര്യങ്ങൾ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും പാലാ പൗരാവകാശസംരക്ഷണ സമിതിയും ചേർന്ന് ക്രമീകരിച്ചിട്ടുണ്ട്.
രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി ഗാന്ധിസ്ക്വയർ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നവീകരിച്ചു.
ചെയർമാൻ എബി ജെ ജോസ്, അഡ്വ സന്തോഷ് മണർകാട്, സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, മൈക്കിൾ കാവുകാട്ട്, ജോയി കളരിയ്ക്കൽ, ഒ എസ് പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് നിർമ്മിച്ച ഗാന്ധി സ്ക്വയറിൻ്റെയും പ്രതിമയുടെയും പരിപാലന ചുമതല മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് നിർവ്വഹിക്കുന്നത്.
രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ പൊതുജനങ്ങൾക്ക് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്താൻ സൗകര്യമുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊച്ചിടപ്പാടിയിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയിലും ഇന്ന് (30/01/2023) പുഷ്പാർച്ചന നടത്തും.
ഫോട്ടോ അടിക്കുറിപ്പ്
ഇന്നത്തെ രക്തസാക്ഷിത്വദിനാചരണത്തിൻ്റെ ഭാഗമായി മൂന്നാനിയിലെ ഗാന്ധി സ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധി പ്രതിമയിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ നേതൃത്വത്തിൽ അവസാനവട്ട മിനുക്കുപണികൾ നടത്തുന്നു. ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, ഒ എസ് പ്രകാശ് എന്നിവർ സമീപം