കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് തീപിടുത്തം ഉണ്ടായത്. വിവിധ നിലകളിലായി നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന 350ലേറെ തൊഴിലാളികൾ തീ ഉയർന്നപ്പോൾ തന്നെ കെട്ടിടത്തിന് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടസാധ്യത കണക്കിലെടുത്ത് തീപിടിച്ച കെട്ടിടത്തിന് സമീപം ഉണ്ടായിരുന്ന ഡയാലിസിസ് യൂണിറ്റിലെയും മൂന്നാം വാർഡിലെയും രോഗികളെയും കൂട്ടിരിപ്പുകാരെയും പൂർണമായും ഒഴിപ്പിച്ചു.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഏറ്റുമാനൂരിൽ നിന്നും കോട്ടയത്ത് നിന്നുമായി ഏഴ് യൂണിറ്റ് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറിൽ ഏറെ നീണ്ട പരിശ്രമത്തിനൊടുവിൽ രണ്ടേകാലോടെ തീ പൂർണമായും നിയന്ത്രണ വിധേയമാക്കി.