രാമപുരം: രാമപുരം ഗ്രാമ പഞ്ചായത്തിലെ ഏഴാച്ചേരിയിലുള്ള ഫാത്തിമാ ഗിരി കുടിവെള്ള വിതരണ പദ്ധതിക്ക് ജലവിഭവ വകുപ്പില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു.
1999 ല്‍ ആരംഭിച്ച് 200ല്‍ പരം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ബൃഹത്തായ കുടിവെള്ള പദ്ധതിയാണ് ഏഴാച്ചേരി ഫാത്തിമഗിരി പദ്ധതി.
ദിവസേന ഒന്നേകാല്‍ ലക്ഷം ലിറ്ററിന് മുകളില്‍ വെള്ളം മുടങ്ങാതെ ഈ പദ്ധതിയില്‍ നിന്നും വിതരണം ചെയ്തു വരുന്നു. കടുത്ത വേനല്‍ കാലത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്ന ഈ മേഖലയില്‍ ഇതിനൊരു ശാശ്വത പരിഹാരമാണ് പുതിയ കിണറും, പമ്പ് സെറ്റും ടാങ്കും, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുക ലഭ്യമായതോടെ പുതിയതായി ഉണ്ടാവുക.
മുന്‍ ഉഴവൂര്‍ ബ്ലോക്ക് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയടത്ത്ചാലിയും ഡിവിഷന്‍ ബ്ലോക്ക് മെമ്പര്‍ സ്മിതാ അലക്‌സും സൊസൈറ്റി പ്രസിഡന്റ് അലക്‌സി തെങ്ങുംപള്ളികുന്നേലും ജോസ് കെ മാണി എംപി മുഖാന്തരം ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പദ്ധതിക്ക് 20 ലക്ഷം രൂപ കൂടി ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
തുക അനുവദിച്ച മന്ത്രി റോഷി അഗസ്റ്റിനെ സൊസൈറ്റി ഉപഭോക്തൃ യോഗം അനുമോദിച്ചു.
പദ്ധതിയോട് അനുബന്ധിച്ചുള്ള കുഴല്‍ കിണറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഇതിനോടകം പൂര്‍ത്തിയായതായും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും സൊസൈറ്റി പ്രസിഡന്റ് അലക്‌സി തെങ്ങുംപള്ളികുന്നേല്‍ സെക്രട്ടറി കെ എന്‍ നാരായണന്‍ ജോസ് മാത്യു തേക്കുംകാട്ടില്‍ എന്നിവര്‍ പറഞ്ഞു.