എരുമേലി : നിലവിലുള്ള എരുമേലി പി. ഡബ്യു. ഡി. റസ്റ്റ് ഹൌസിനോട് ചേർന്ന് നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന കർമ്മം സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്, നാളെ രാവിലെ 10 മണിയ്ക്ക് നിർവഹിക്കുന്നു.
ശബരിമല തീർത്ഥാടകർക്കും, പൊതുജനങ്ങൾക്കും ഒരു പോലെ ഏറെ പ്രയോജനം നൽകുന്ന പുതിയ കെട്ടിടസമുചയം, 1 കോടി 70 ലക്ഷം രൂപ മുതൽ മുടക്കി ആധുനിക സജ്ജീകരണങ്ങളോട് കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പത്തനംതിട്ട എം പി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. വിശദമായ പ്രോജക്ട് റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ ബീന എൽ അവതരിപ്പിക്കും.
ഉദ്ഘാടന സമ്മേളനത്തിൽഎരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി സ്വാഗതം ആശംസിക്കുന്നതും, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി. എസ്. കൃഷ്ണകുമാർ, ജൂബി അഷറഫ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു, അംഗങ്ങളായ ജസ്നാ നജീബ്, പി. എ ഷാനവാസ്, നാസർ പനച്ചി, രാഷ്ട്രീയ-സാമൂഹിക രംഗത്തെ നേതാക്കളായ വി. ഐ. അജി, എം.വി. ഗിരീഷ്കുമാർ, വി.പി സുഗതൻ, ജോബി ചെമ്പകത്തുങ്കൽ, മഞ്ചു ദിലീപ്, അമ്പിളി സജീവ്, റ്റി. വി. ജോസഫ്, ജോസ് പഴയതോട്ടം, അനസ് പുത്തൻവീട്ടിൽ, റസാക്ക് പി.കെ., സലിം വാഴമറ്റം, മോഹനൻ പഴയ റോഡ്, മുജീബ് റഹ്മാൻ, പി. ആർ ഹരികുമാർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സൂപ്രണ്ടിങ് എഞ്ചിനിയർ ലൈജു എം. തുടങ്ങിയവർ പ്രസംഗിക്കുന്നതുമാണ്.
ഉദ്ഘാടനത്തിന് എരുമേലിയിൽ എത്തിച്ചേരുന്ന മന്ത്രി ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പിഡബ്ല്യുഡി റോഡുകളുടെ സ്ഥിതി പരിശോധിക്കുന്നതുമാണ്. തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മുന്നോടിയായി പുതിയ റസ്റ്റ് ഹൗസ് ബ്ലോക്കിൽ ഫർണിച്ചറുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അറിയിച്ചു.