Erumely

എരുമേലി പിൽഗ്രിം അമിനിറ്റി സെന്റർ നവീകരിക്കുന്നു

എരുമേലി: ശബരിമല തീർത്ഥാടകരുടെയും , ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെയും സൗകര്യാർത്ഥം സുരക്ഷിത താമസത്തിനും വിശ്രമത്തിനുമായി 2003 ൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് എരുമേലി കൊരട്ടി പാലത്തിന് സമീപം മണിമലയാറിന്റെ തീരത്ത് നാലര ഏക്കറിലായി ആരംഭിച്ച പദ്ധതിയാണ് എരുമേലി പിൽഗ്രിം അമിനിറ്റി സെന്റർ. 3 ഹാളുകൾ, 2 ഡോർമെട്രികൾ , 8 മുറികൾ എന്നിവയും കൂടാതെ, 80 ശുചിമുറികളുമായിരുന്നു ആദ്യ ഘട്ടത്തിൽ ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.

തുടർന്ന് പിന്നീട് ഒരു പുതിയ ഹാളും, രണ്ട് വിഐപി മുറികളും കൂടി നിർമ്മിക്കുകയുണ്ടായി. തീർത്ഥാടകർക്കും യാത്രക്കാർക്കും സൗകര്യപ്രദമായി ഉപയോഗപ്പെട്ടു വന്നിരുന്ന ഈ പിൽഗ്രിം അമിനിറ്റി സെന്റർ കോവിഡ് കാലത്ത് ഉണ്ടായ അടച്ചിടലും, കാലപ്പഴക്കവും മറ്റും മൂലം കെട്ടിടങ്ങൾ താറുമാറാകുന്നതിനും വലിയതോതിൽ അറ്റകുറ്റ പണികൾക്കും ഇടവരുകയുമുണ്ടായി.

അതേപോലെതന്നെ പിൽഗ്രിം അമിനിറ്റി സെന്ററിൽ എത്തിച്ചേരുന്നതിന് 26-)o മൈൽ- എരുമേലി സംസ്ഥാനപാതയിൽ നിന്നും നിർമ്മിച്ചിരുന്ന റോഡും കാലപ്പഴക്കമൂലം തകരാറിലായി ഒട്ടും ഗതാഗതയോഗ്യമല്ലാതായി തീർന്നു.

കനത്ത വെള്ളമൊഴുക്കും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി. ഇപ്രകാരം ശബരിമല തീർത്ഥാടകർക്കും മറ്റ് യാത്രക്കാർക്കും സൗകര്യപ്രദമായും, സുരക്ഷിതമായും താമസ സൗകര്യം ഒരുക്കുന്നതിന് സജ്ജമായിരുന്നതും പ്രദേശവാസികൾക്ക് സമ്മേളനങ്ങൾക്കും, വിവാഹം മുതലായ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനും ഏറെ ഉപയുക്തമായിരുന്ന പിൽഗ്രിം അമിനിറ്റി സെന്റർ ഇപ്രകാരം തകർച്ചയിലാവുകയും ഉപയോഗ യോഗ്യമല്ലാതാവുകയും ചെയ്തതിനെ തുടർന്ന് അമിനിറ്റി സെന്ററിന്റെ ഉടമസ്ഥതയുള്ള സംസ്ഥാന ടൂറിസം വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന പൊതുമരാമത്ത് മന്ത്രി അഡ്വ.പി. എ മുഹമ്മദ് റിയാസിന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇത് സംബന്ധമായി വിശദമായ നിവേദനം സമർപ്പിക്കുകയും, എസ്റ്റിമേറ്റും റിപ്പോർട്ടും നൽകുകയും ചെയ്തതിനെ തുടർന്ന് എരുമേലി പിൽഗ്രിം അമിനിറ്റി സെന്റർ പുനരുദ്ധരിക്കുന്നതിന് 28 ലക്ഷം രൂപ ഫണ്ട് അനുവദിക്കുകയായിരുന്നു.

ഈ തുക ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്ക് ) എന്ന പൊതുമേഖല സ്ഥാപനത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.നിർമ്മാണ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം മെയ് മാസം ഒന്നാം തീയതി ഉച്ചകഴിഞ്ഞ് നാലുമണിക്ക് പിൽഗ്രിം അമിനിറ്റി സെന്റർ ഹാളിൽ പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസ് ഓൺലൈനായി നിർവഹിക്കും.

പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും. പത്തനംതിട്ട എംപി ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തും. സിൽക്ക് ചെയർമാൻ അഡ്വ. മുഹമ്മദ് ഇഖ്ബാൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

കെ.കെ. പദ്മകുമാർ യോഗത്തിൽ സ്വാഗതം ആശംസിക്കും.ഡേവിഡ് എം. കൊരയ്യ പദ്ധതി വിശദീകരണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അഡ്വ. ശുഭേഷ് സുധാകരൻ, മറിയാമ്മ സണ്ണി, ജൂബി അഷറഫ്, രേഖാ ദാസ്,പി.കെ. പ്രദീപ്, ഷാനവാസ് പി എ, ജെസ്‌ന നജീബ്,നാസർ പനച്ചി,ബിൻസി മാനുവൽ, രാഷ്ട്രീയ സാമൂഹ്യ നേതാക്കന്മാരായ വി.ഐ. അജി,അനിശ്രി സാബു,സെക്കറിയ ഡൊമിനിക്,ബിനോ ജോൺ,ടി.വി.ജോസഫ്,ജോസ് പഴയതോട്ടം,സലിം വാഴമറ്റം,നൗഷാദ് കുറുംകാട്ടിൽ,റസാക്ക് പി.കെ.,ജോസ് മടുക്കക്കുഴി,അനിയൻ എരുമേലി എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

Leave a Reply

Your email address will not be published.