ഈരാറ്റപേട്ട: ഉത്സവാഘോഷം സമ്മാനിച്ച് ഈരാറ്റുപേട്ട നഗരോത്സവം നാളെ മുതൽ ആരംഭിക്കുന്നു.15 വരെ നടക്കുന്ന നഗരോത്സവം വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
ഈരാറ്റുപേട്ട പി ടി എം എസ് ഓഡിറ്റോറിയത്തിലും പരിസരങ്ങളിലുമായാണ് നഗരോത്സവം നടക്കുന്നത്. വിവിധ സമ്മേളനങ്ങൾ, ഡിസംബർ 14 മുതൽ ജനുവരി 14 വരെ നീളുന്ന വ്യാപാരോത്സവം, പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവം, വാണിജ്യ സ്റ്റാളുകൾ, ത്രസിപ്പിക്കുകയും ഉല്ലസിപ്പിക്കുകയും ചെയ്യുന്ന അമ്യൂസ്മെൻ്റ്, കിഡ്സ് റൈഡുകൾ, ഭക്ഷ്യമേള, പുരാവസ്തു പ്രദർശനം, ദാരുശിൽപ പ്രദർശനം, പ്രവാസി സംഗമം, ദിവസവും കലാപരിപാടികൾ എന്നിവ നഗരോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ട മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കലാമികവുകൾ അവതരിപ്പിക്കുന്നതിനായി എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് 3 മുതൽ 6 വരെ ‘കളിത്തട്ടും ‘ ഒരുക്കിയിട്ടുണ്ട്.
ഇന്ന് വ്യാഴം ഉച്ചകഴിഞ്ഞ് 2 ന് സാംസ്കാരിക ഘോഷയാത്രയോടെയാണ് പരിപാടികളുടെ തുടക്കം. വൈകുന്നേരം 6 ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നഗരോത്സവം ഉദ്ഘാടനം ചെയ്യും. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷത വഹിക്കും. ആൻ്റോ ആൻ്റണി എം പി മുഖ്യ പ്രഭാഷണം നടത്തും.
നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ സ്വാഗതമാശംസിക്കും. സമ്മേളനത്തിന് ശേഷം ചൈനീസ് വെടിക്കെട്ട്. 6 ന് വൈകുന്നേരം 6 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് മുഖ്യാതിഥി. തുടർന്ന് പ്രശസ്ത ഗായിക റൈഹാന മുത്തു നയിക്കുന്ന തൃശൂർ മ്യൂസിക് ബാൻറിൻ്റെ ഗാനമേള അരങ്ങേറും.7 ന് ശനിയാഴ്ച വൈകുന്നേരം 6 ന് ‘സാമൂഹ്യ നിർമിതിയിൽ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ മീഡിയ സെമിനാർ നടക്കും.
മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും. മുതിർന്ന മാധ്യമ പ്രവർത്തക കെ കെ ഷാഹിന വിഷയാവതരണം നടത്തും. തേക്കിൻകാട് ജോസഫ്, രശ്മി രഘുനാഥ്, വി ജയകുമാർ, റഹീസ് റഷീദ്, അന്നാ റഹീസ് എന്നിവർ പങ്കെടുക്കും. തുടർന്ന് നിസാർ പെരുമ്പാവൂർ നയിക്കുന്ന ‘റാഫി നൈറ്റ്’. 8 ഞായറാഴ്ചന് 3 മണി മുതൽ മെഹന്തി ഫെസ്റ്റും തുടർന്ന് ഈരാറ്റുപേട്ട എറണാകുളം അസോസിയേഷൻ്റെ നേതൃത്വത്തിൽ ബിസിനസ് സമ്മിറ്റും നടക്കും.പ്രശസ്ത വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി മുഖ്യാതിഥിയാവും. രാത്രി 8 ന് പ്രശസ്ത നർത്തകി മീരാ നന്ദൻ നയിക്കുന്ന കേരള നടനവും അരങ്ങേറും.
9 ന് തിങ്കളാഴ്ച നടക്കുന്ന വനിതാ സംഗമം രമ്യ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്യും. രാത്രി 8 ന് അരൂർ എം എൽ എ യും ചലച്ചിത്ര പിന്നണി ഗായികയുമായ ദലീമ നയിക്കുന്ന സംഗീത സദസ്. 10 ന് ചൊവ്വാഴ്ച നടക്കുന്ന ഈരാറ്റുപേട്ട കോൺക്ലേവ് നജീബ് കാന്തപുരം എം എൽ എ ഉദ്ഘാടനം ചെയ്യും. ആസൂത്രണ ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര വിശിഷ്ടാതിഥിയായെത്തും. രാത്രി 8 ന് വയലാ രതീഷിൻ്റെ നേതൃത്വത്തിൽ നാടൻ പാട്ടുകളും മിമിക്സ് പരേഡും.
11 ന് ബുധനാഴ്ചനടക്കുന്ന സാഹിത്യോത്സവം ഗവ ചീഫ് വിപ്പ് ഡോ എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.പ്രശസ്ത കവി മുരുകൻ കാട്ടാക്കടയാണ് മുഖ്യാതിഥി. 12 ന് വ്യാഴാഴ് ച’അരാഷ്ട്രീയവാദത്തിലെ ചതിക്കുഴികൾ’ എന്ന വിഷയത്തിൽ നടക്കുന്ന യുവജനസമ്മേളനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.പ്രമോദ് നാരായണൻ എം എൽ എ, ജെയ്ക്ക് സി തോമസ്, രാഹുൽ മാങ്കൂട്ടത്തിൽ, പി കെ ഫിറോസ്, അഡ്വ ജിസ് മോൻ, ഷബീറലി എന്നിവർ സംബന്ധിക്കും.

വിശിഷ്ടാതിഥിയായി മുൻ ഡി ജി പി അലക്സാണ്ടർ ജേക്കബ് പങ്കെടുക്കും.
തുടർന്ന് അഗോചരം മ്യൂസിക് ബാൻഡിൻ്റെ ഫ്യൂഷൻ അരങ്ങേറും.13 ന് വെള്ളിയാഴ്ചനടക്കുന്ന ഇ ജി എ പ്രവാസി സംഗമം (ദുബായ് അസോസിയേഷൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്നത്) മന്ത്രി വി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്യും. അഷറഫ് താമരശേരി മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് മീഡിയാവൺ പതിനാലാം രാവ് ടീം ഒരുക്കുന്ന ഗാനമേള.14 ന് ശനിയാഴ്ചചേരുന്ന വ്യാപാരി സംഗമത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും.15 ന് ഞായറാഴ്ച സമാപന സമ്മേളനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.
നഗരോത്സവത്തിന് 20 രൂപയാണ് പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. അമ്യൂസ് മെൻ്റിൽ സ്കൂളുകൾക്ക് മാത്രമായി പ്രത്യേക കോംബോ പായ്ക്കും ലഭ്യമാണ്.