ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് ബി എം & ബി സി നിലവാരത്തില്‍ റീടാറിങ് നടത്തി വന്നിരുന്നതിന്റെ ഒന്നാംഘട്ടമായ ടാറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതായി അഡ്വ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ അറിയിച്ചു.
ഇതോടുകൂടി ഇതുവഴിയുള്ള ഗതാഗതം ഏറ്റവും സുഗമമാവുകയും, യാതൊരു തടസ്സവും, നിയന്ത്രണങ്ങളും ഇല്ലാതെ ഗതാഗതത്തിന് സജ്ജമായിരിക്കുകയുമാണ്. ഈരാറ്റുപേട്ട ടൗണില്‍ എംഇഎസ് കവല മുതല്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്റെ അതിര്‍ത്തിയായ വഴിക്കടവ് വരെ 23 കിലോമീറ്റര്‍ ദൂരം ബിഎം & ബിസി നിലവാരത്തില്‍ റീ ടാറിങ് ആണ് പൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ളത്.
തുടര്‍ന്ന് വാഗമണ്‍ ടൗണിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരം പീരുമേട് നിയോജകമണ്ഡലത്തിന്റെ ഭാഗമായിട്ടുള്ളതാണ്. പ്രസ്തുത ഭാഗത്ത് റോഡ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ തന്നെ ബിഎം&ബിസി നിലവാരത്തില്‍ പൂര്‍ത്തീകരിച്ചിരുന്നതുമാണ്.

ഇനി അനുബന്ധ പ്രവര്‍ത്തികള്‍ രണ്ടാംഘട്ടം എന്ന നിലയില്‍ നാളെ മുതല്‍ ആരംഭിക്കും. ടാറിങ് ഭാഗത്തിന് ശേഷമുള്ള സൈഡ് കോണ്‍ക്രീറ്റിംഗ് , ഓടകള്‍ നിര്‍മ്മിക്കലും അറ്റകുറ്റപ്പണികളും, കലുങ്കുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗയോഗ്യമാക്കല്‍, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, റോഡ് മാര്‍ക്കിങ്ങ്, സ്റ്റഡുകള്‍ സ്ഥാപിക്കല്‍, മറ്റ് റോഡ് സുരക്ഷാ ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയവയാണ് ഇനി അവശേഷിക്കുന്ന പ്രവര്‍ത്തികള്‍.
ഇവയെല്ലാം കഴിവതും ഒരേസമയം തന്നെ നടത്തുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്. റോഡ് കോണ്‍ക്രീറ്റിങ്ങിന് തന്നെ ഇരുവശത്തുനിന്നും ഈരണ്ടു ടീമുകള്‍ എന്ന നിലയില്‍ നാല് ഗ്രൂപ്പുകളായി തൊഴിലാളികളെ നിയോഗിച്ച് കോണ്‍ക്രീറ്റിംഗ് നടത്തും.
കോണ്‍ക്രീറ്റിംഗ് പ്രവര്‍ത്തികള്‍ നടത്തുന്ന സമയം ക്യൂറിങ് പിരീഡ് എന്ന നിലയില്‍ കുറഞ്ഞത് 7 ദിവസത്തേക്ക് കോണ്‍ക്രീറ്റ് ചെയ്യുന്ന ഭാഗത്ത് വാഹനങ്ങള്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ പൊതുജനങ്ങളും, വ്യാപാരികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും, കൂടാതെ റോഡിലേക്ക് വന്നുചേരുന്ന മറ്റ് റോഡുകളും, വീടുകളിലേക്കുള്ള റോഡുകളും വാഗമണ്‍ റോഡുമായി കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ വെള്ളമൊഴുക്ക് റോഡിലേക്ക് വരാതെയും, റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകാതെയും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും പൊതുജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും എംഎല്‍എ പ്രത്യേകം അഭ്യര്‍ത്ഥിച്ചു.
ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശവും,നേതൃത്വവും നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. വരുന്ന ഒരു മാസത്തിനുള്ളില്‍ ഈ അനുബന്ധ പ്രവര്‍ത്തികള്‍ എല്ലാം രണ്ടാംഘട്ടം എന്ന നിലയില്‍ പൂര്‍ത്തീകരിച്ച് റോഡ് പൂര്‍ണതോതില്‍ ഗതാഗത സജ്ജമാക്കാമെന്ന് കരുതുന്നു.
ഒന്നാംഘട്ട ടാറിങ് സമയബന്ധിതമായും മികച്ച നിലയിലും പൂര്‍ത്തീകരിച്ച കരാര്‍ ഏറ്റെടുത്ത ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെയും, പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും പ്രത്യേകം അഭിനന്ദിക്കുന്നു. എല്ലാ പിന്തുണയും നല്‍കി സഹായ സഹകരണങ്ങളുമായി ഒപ്പം നിന്ന ജനപ്രതിനിധികളെയും, ജനങ്ങളെയും നന്ദിയോടെ ഓര്‍ക്കുന്നുവെന്നും അഡ്വ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ പറഞ്ഞു.