കോട്ടയം: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് സഞ്ചാരയോഗ്യമാക്കി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വാക്ക് പാലിക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മറ്റിയഗം ജോർജ് മുണ്ടക്കയം.
ദിനംപ്രതി ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ കടന്നുപോകുന്ന റൂട്ടില്‍ ഗതാഗതം പൂര്‍ണമായും അപകടകരമായിരിക്കുന്നു. 23 കിലോമീറ്റര്‍ നീളമുള്ള ഈരാറ്റുപേട്ട എംഇഎസ് -വാഗമണ്‍ വഴിക്കടവ് റോഡ് നവീകരണത്തിന് മൂന്നുവര്‍ഷം മുന്‍പ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 64 കോടി രൂപ വകയിരുത്തിയിരുന്നു. കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) പദ്ധതി പ്രകാരം റോഡിന് 12 മീറ്റര്‍ വീതി ആവശ്യമാണ്.
പലയിടങ്ങളിലും ആവശ്യമായ വീതിയില്ലാത്തതിനാല്‍ പദ്ധതി തടസ്സപ്പെടുകയും ഇപ്പോള്‍ കോടതി നടപടികളിലുമാണ്. കോടതി നടപടികള്‍ പൂര്‍ത്തിയായി സര്‍വേ നടത്തി സ്ഥലം ഏറ്റെടുത്തു റോഡ് വികസിപ്പിക്കുന്നതിനു കാലതാമസം നേരിടുമെന്നു കണ്ട് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണിക്ക് 19.9 കോടി രൂപ അനുവദിക്കുകയും 2022 ഫെബ്രുവരി 25ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍മാണോദ്ഘാടനവും നടത്തുകയുമായിരുന്നു. എന്നാല്‍ മെയ് 15 ന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും താന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നും പ്രഖ്യാപിച്ച മന്ത്രിയുടെ വാക്ക് പാഴ് വാക്കായിരിക്കുന്നു.
ഇടുക്കി ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ നിന്ന് നിരവധി രോഗികള്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലുള്‍പ്പെടെ ചികില്‍സയ്‌ക്കെത്താന്‍ ആശ്രയിക്കുന്നതും ഈ റോഡാണ്. നിലവില്‍ ടാക്‌സി വാഹനങ്ങള്‍ പോലും ഇതുവഴി യാത്രയ്ക്ക് തയ്യാറാവുന്നില്ല. റോഡില്‍ ടാറിങ് പൊളിഞ്ഞ് മെറ്റല്‍ കുത്തിയൊലിച്ച് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാവുകയാണ്.
വിനോദ സഞ്ചാരികളും നാട്ടുകാരും രോഗികളും ഉള്‍പ്പെടെ ദിനംപ്രതി ആയിരങ്ങള്‍ ആശ്രയിക്കുന്ന ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് അറ്റകുറ്റപ്പണി നടത്തി അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ജോർജ് മുണ്ടക്കയം പറഞ്ഞു.