Erattupetta

ഈരാറ്റുപേട്ട- വാഗമൺ റോഡ് പുനരുദ്ധാരണം വേഗത്തിലാക്കാൻ നടപടിയാകുന്നു: അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും, കേരളത്തിലെ തന്നെ ഏറെ ടൂറിസം പ്രാധാന്യമുള്ളതുമായ ഈരാറ്റുപേട്ട – വാഗമൺ റോഡ് കഴിഞ്ഞ 10 വർഷക്കാലമായി താറുമാറായി ഗതാഗത യോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു. ഈ റോഡ് വീതി കൂട്ടി പുനർ നിർമ്മിക്കുന്നതിന് 2016-17ൽ തുക അനുവദിച്ചിരുന്നു എങ്കിലും കാര്യമായ നടപടികൾ ഒന്നും തന്നെ നടന്നിരുന്നില്ല.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആയതിനെ തുടർന്ന് നിയമസഭയിൽ ആദ്യമായി ഉന്നയിച്ച വിഷയം വാഗമൺ റോഡിന്റെ പുനരുദ്ധാരണം ആയിരുന്നു. തുടർന്ന് നടത്തിയ തീവ്ര പരിശ്രമങ്ങളെ തുടർന്ന് ബഹു. മുഖ്യമന്ത്രിയുടെയും ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സഹായത്താൽ മുൻപ് അനുവദിക്കപ്പെട്ടിരുന്ന 63.99 കോടി രൂപ നിലനിർത്തിക്കൊണ്ട് തന്നെ റോഡ് നിലവിലുള്ള സ്ഥിതിയിൽ ബിഎം& ബിസി നിലവാരത്തിൽ റീടാർ ചെയ്യുന്നതിന് 19.90 കോടി രൂപ അനുവദിപ്പിക്കുന്നതിന് കഴിഞ്ഞു.

ഭരണാനുമതി ലഭ്യമായി നാല്പത്തി അഞ്ച് ദിവസങ്ങൾക്കുള്ളിൽ ടെൻഡർ നടപടികളും പൂർത്തീകരിച്ചു. എന്നാൽ ദൗർഭാഗ്യവശാൽ ടെൻഡർ ഏറ്റെടുത്ത കമ്പനിക്ക് സമയബന്ധിതമായി കാര്യക്ഷമമായി നിർമ്മാണം നടത്തുന്നതിന് കഴിഞ്ഞില്ല.കൂടാതെ പ്രതികൂല കാലാവസ്ഥയും നല്ല നിലയിൽ റോഡ് നിർമ്മാണം നടത്തുന്നതിന് വലിയ തടസ്സമായി തീർന്നു.

എല്ലാവിധ ശ്രമങ്ങളും, ഉന്നതതല ഇടപെടലുകളും നടത്തിയിട്ടും, മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് നിർമ്മാണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതേ തുടർന്ന് ബഹു. പൊതു മരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസുമായി വിഷയം ചർച്ച ചെയ്യുകയും തുടർന്ന് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ കോട്ടയം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഐഎഎസ്,റോഡിന്റെ നിർമ്മാണ മേൽനോട്ട ചുമതല ഏൽപ്പിക്കപ്പെട്ടിരുന്ന കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രീ. ഷാനവാസ് ഐഎഎസ്, പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ചീഫ് എൻജിനീയർ ശ്രീ. അജിത്ത് രാമചന്ദ്രൻ , പൊതുമരാമത്ത് റോഡ് വിഭാഗം കോട്ടയം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ. ജോസ് രാജൻ തുടങ്ങിയ ഉദ്യോഗസ്ഥരും യോഗം ചേർന്ന് കാര്യങ്ങൾ വിശദമായി ചർച്ചചെയ്യുകയും തുടർന്ന് ഈ പ്രവർത്തി ഇപ്പോഴത്തെ കരാറുകാരനിൽ നിന്നും മാറ്റി പ്രശസ്ത പൊതു സ്ഥാപനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിക്കാൻ ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദ്ദേശിച്ചതിനെ തുടർന്ന് ഈ പ്രവർത്തി നടത്തുന്നതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി ചർച്ച നടത്തി വരികയാണ്.

കരാറിൽ നിന്നും പിന്മാറി ULCC യെ പ്രവർത്തി ഏൽപ്പിക്കുന്നതിന് ഇപ്പോഴത്തെ കരാറുകാർ സമ്മതം അറിയിച്ചിട്ടുമുണ്ട്. കരാർ മാറ്റി നൽകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ നടന്നു വരികയാണ്. പരമാവധി വേഗത്തിൽ അവയെല്ലാം പൂർത്തീകരിച്ച് ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

അപ്രകാരം ULCC പ്രവർത്തി ഏറ്റെടുക്കുന്ന പക്ഷം കാലാവസ്ഥ കൂടി അനുകൂലമാകുന്ന മുറയ്ക്ക് പരമാവധി വേഗത്തിൽ മികച്ച നിലവാരത്തിൽ ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ ബിഎം &ബി സി റീടാറിംഗ് പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ മുൻപ് അനുവദിക്കപ്പെട്ട തുക ഉപയോഗിച്ച് വീതി കൂട്ടി പുനർ നിർമ്മിക്കുന്നതിനുള്ള നടപടികളും ത്വരിതഗതിയിൽ നടന്നു വരുന്നുണ്ട് എന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അറിയിച്ചു.

Leave a Reply

Your email address will not be published.