Erattupetta

ഈരാട്ടുപേട്ടയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. കാറ്റിൽ മരം വീണ് നാലു പേർക്ക് പരിക്കേറ്റു, ആറ് വീടുകൾക്കും മുരിക്കോലി അങ്കണവാടിക്കും കേടുപാടുകളുണ്ടായി. വ്യാഴാഴ്ച രണ്ടരയോടു കൂടിയാണ് കനത്തമഴയും കാറ്റും ഉണ്ടായത്.

മുട്ടം കവലക്ക് സമീപത്ത തേക്ക് മരം കടപുഴകി വീണ് ഒട്ടോറിക്ഷാ ഡ്രൈവർ പത്താഴപാടി പുത്തൻവീട്ടിൽ ഹാറൂൺ ( 19) യാത്രകാരൻ കാരയ്ക്കാട് മുഹമ്മദ് ഇസ്മായിലിനും (68) പരിക്കേറ്റു. ഒട്ടോറിക്ഷാ പൂർണമായും തകർന്നു. വീടിന് മുകളിൽ വീണ മരം വെട്ടിമാറ്റുന്നതിനിടെ തോട്ടുമുക്ക് വെള്ളുപ്പറമ്പിൽ ഹുബൈൻ (39), ഒടിഞ്ഞുവീണ മരം വെട്ടിമാറ്റുന്നതിനിടെ തെക്കേക്കര കല്ലോലിൽ ഷാമോൻ ഷാജഹാൻ (31) എന്നിവർക്കും പരിക്കേറ്റു. മൂന്ന് പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തലപ്പുലം പഞ്ചായത്തിലെ പനക്കപ്പാലത് റോഡ് സൈഡിലെ മരം വീണ് പാണ്ടിയാംമാക്കൽ ഗോപിയുടെ പെട്ടിക്കട തകർന്നു. അപകട സമയത്തും ഗോപിയും ഭാര്യയും കടയിലുണ്ടായിരുന്നുവെങ്കിലും പരിക്കുകളില്ലാതെ രക്ഷപെട്ടു.

കൊണ്ടൂരിൽ പുതിയകുന്നേൽപറമ്പിൽ ഓമന, കുഴിവിളപുത്തൻവീട്ടിൽ മായ രാജേന്ദ്രൻ എന്നിവരുടെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. ആരാറ്റുപേട്ട നടക്കലിൽ കാറ്റിൽ മരം വീണ് നെടുവേലിൽ സത്താർ, പാറയിൽ റഫീഖ്, ഷെരിഫ്, പരീത് എന്നിവരുടെ വീടുകൾക്കും, മുരിക്കോലി അങ്കണവാടിക്കും കേടുപാടുകളുണ്ടായി.

ഈരാറ്റുപേട്ട വില്ലേജ് ഓഫീസ് പരിസരത്ത് മരം ഒടിഞ്ഞുവീണ് നിർത്തിയിട്ടിരുന്ന കാറിന് നാശനഷ്ടം ഉണ്ടായി. വിവിധ ഇടങ്ങളിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. അരുവിത്തറ കോളേജ് പടി, ആറാം മൈയിൽ, പനക്കപ്പാലം, കീഴമ്പാറ, ജീലാനിപ്പടി എന്നിവിടങ്ങളിലാണ് മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടത്.

അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ കൊണ്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്. വൈദ്യുതി തൂണുകൾ ഒടിഞ്ഞ ഈരാറ്റുപേട്ടയിലെ പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും തടസ്സപ്പെട്ടു.

പനയ്ക്കപ്പാലത്ത് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനുപമ വിശ്വനാഥിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട നന്മകൂട്ടവും തലപ്പലം ഗ്രാമപഞ്ചായത്ത് സന്നദ്ധസേന പ്രവർത്തകർ, ഫയർഫോഴ്സ്, കെഎസ്ഇബി, എന്നിവരുടെ അടിയന്തര അടിയന്തര ഇടപെടലിലൂടെ ഗതാഗത കുരുക്ക് മാറ്റി.

Leave a Reply

Your email address will not be published.