ettumanoor news

ഏറ്റുമാനൂരിൽ 7 പേരെ കടിച്ച നായ ചത്തു; പേവിഷ ബാധ സ്ഥിരീകരിച്ചു; കടിയേറ്റവർ നിരീക്ഷണത്തിൽ

കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. സെപ്റ്റംബർ 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. തിരുവല്ലയിലെ പക്ഷി മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷയിൽ ഉണ്ടായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തു.

കഴിഞ്ഞ മാസമാണ് പേവിഷ ബാധ ല​ക്ഷണങ്ങളോടെ നായ ന​ഗരത്തിൽ വ്യാപകമായി ആളുകളെ കടിച്ചത്. ഏഴ് പേർക്കാണ് അന്ന് കടിയേറ്റത്. അതിന് ശേഷം ഏറ്റുമാനൂർ ന​ഗര സഭയുടെ പരിധിയിലുള്ള തെരുവുനായകൾക്കടക്കം പേവിഷബാധ കുത്തിവെപ്പ് നടത്തിയിരുന്നു. ആളുകളെ കടിച്ച നായയെ അന്നു തന്നെ പിടിച്ചിരുന്നു. മൃ​ഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു നായ. നായ കഴിഞ്ഞ ദിവസം ചത്തു.

പിന്നാലെ നായയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടത്തിലാണ് പേവിഷ ബാധ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. അന്ന് തന്നെ നായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നത് കൊണ്ട്, കടിയേറ്റ വ്യക്തികൾക്കെല്ലാം പേവിഷ ബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തിരുന്നു.

നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നായയുടെ കടിയേറ്റ ആളുകളെയെല്ലാം കൂടുതൽ നിരീക്ഷണത്തിന് വിധേയമാക്കാനാണ് ആരോ​ഗ്യവകുപ്പിന്റെ തീരുമാനം.

Leave a Reply

Your email address will not be published.