Pala

ലഹരിക്കെതിരേ സംവാദ മത്സരം; പാലാ സെന്റ് മേരീസ് എച്ച് എസ് എസ് വിജയികൾ

എക്സൈസ് വകുപ്പും കോട്ടയം വിമുക്തി മിഷനും സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ലഹരിക്കെതിരേ ജില്ലാതല സംവാദമത്സരത്തിൽ പാലാ സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി.

ലഹരി വിമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കോട്ടയം കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ സംഘടിപ്പിച്ച മത്സരത്തിൽ ജില്ലാതല മത്സരത്തിൽ ഏഴു ടീമുകൾ പങ്കെടുത്തു. എക്സൈസ് വകുപ്പ് റേഞ്ച് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച സംവാദ മത്സരങ്ങളിലെ വിജയികളായ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് സംവാദത്തിൽ പങ്കെടുത്തത്.

നെടുംകുന്നും സെന്റ് തെരേസാസ് എച്ച്.എസ്.എസ്., മലകുന്നം ഇത്തിത്താനം എച്ച്.എസ്.എസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾനേടി. ഒന്നാം സ്ഥാനം നേടിയ വിദ്യാർഥികൾ തിരുവനന്തപുരം വി.ജെ.റ്റി. ഹാളിൽ ഒക്ടോബർ 31 ന് സംഘടിപ്പിക്കുന്ന സംസ്ഥാനതല സംവാദ മത്സരത്തിൽ മത്സരിക്കും.

മത്സരത്തോടനുബന്ധിച്ച് നടന്ന സമ്മേളനം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ അധ്യക്ഷനായി. വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ വിനു വിജയൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (വിമുക്തി മാനേജർ) സോജൻ സെബാസ്റ്റ്യൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, എക്സൈസ് ഇൻസ്പെക്ടർമാരായ കൃഷ്ണൻ നായർ, പി.ജി. ജയ്മോൻ എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം.എൻ. ശിവപ്രസാദ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

Leave a Reply

Your email address will not be published.