കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിൻറെ വിഭാഗമായ ചിത്രദർശന ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മെയ് 11 മുതൽ 14 വരെ ശാസ്ത്രി റോഡിലുള്ള ദർശനയിൽ നടക്കും. 11 ന് വൈകിട്ട് 5 .30 സംവിധായകൻ സിബി മലയിൽ മേള ഉത്‌ഘാടനം ചെയ്യും. റവ . ഡോ .ഏബ്രാഹം വെട്ടിയാങ്കൽ സിഎംഐ അധ്യക്ഷനാകും. ഫെസ്റ്റിവൽ ബുക്ക് ചലച്ചിത്ര നിരൂപകൻ എ ചന്ദ്രശേഖർ, ജോർജ്ജ് മാത്യു മാളിയേക്കലിന് നൽകി പ്രകാശനം ചെയ്യും.
രാവിലെ 10 ന് മലയാളത്തിന്റെ അനശ്വര നടൻ സത്യന്റെ ജീവിതത്തിലെ നൂറോളം അപൂർവ്വ ഫോട്ടോകളുടെ പ്രദർശനം സംവിധായികയും സിനിമാട്ടോഗ്രാഫറുമായ ഫൗസിയ ഫാത്തിമ ഉത്‌ഘാടനം ചെയ്യും.
10 .30 ന് ഉത്‌ഘാടനചിത്രം കെ എസ് എഫ് ഡി സി നിർമ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെ പ്രദർശിപ്പിക്കും. 11 ന് പകൽ 12 .15 നും 12 ,13 ദിവസങ്ങളിൽ വൈകിട്ട് 5 .30 നും ഓപ്പൺ ഫോറം . മികച്ച ഫിലിം സൊസൈറ്റി പ്രവർത്തകനുള്ള ചിത്രദർശനയുടെ ‘സമാദരം -2023’ പുരസ്‌കാരം തൃശ്ശൂർ ജനസംസ്ക്കാര ചലച്ചിത്ര കേന്ദ്രത്തിന്റെ ഡയറക്ടർ ചെറിയാൻ ജോസഫിന് നൽകും.
കാരൂർ നീലകണ്ഠപിള്ളയുടെ പ്രശസ്ത ചെറു കഥയായ പൊതിച്ചോറിൻറെ ചലച്ചിത്രാവിഷ്കാരമായ ഹെഡ്മാസ്റ്ററിന്റെ കോട്ടയത്തെ ആദ്യത്തെ പ്രദര്ശനം ഫെസ്റ്റിവെലിന്റെ പ്രധാന ആകർഷണമാണ്. 14 ന് വൈകിട്ട് 5 ന് സമാപന സമ്മേളനം സംവിധായകൻ ജോഷി മാത്യു ഉത് ഘാടനം ചെയ്യും.

ഡോ .സെബാസ്റ്റിയൻ കെ ആൻറണി അധ്യക്ഷനാകും . തോമസ് മാത്യു ഫെസ്റ്റിവൽ അവലോകനം നടത്തും. 10 രാജ്യങ്ങളിലെ 15 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. എല്ലാ ദിവസവും 4 പ്രദർശനങ്ങളാണ് ഉള്ളത് ( 10,1 .30 , 3 .30 ,7 ). കേരള ചലച്ചിത്ര അക്കാദമി, കേരള സ്റ്റേറ്റ് ചലച്ചിത്ര വികസന കോർപറേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
അംഗങ്ങൾ അല്ലാത്തവർക്ക് ഡെലിഗേറ്റ് പാസ്സ് നിരക്ക് 200 രൂപ . ഫെസ്റ്റ് വിജയത്തിനായി ഫാ. എമിൽ പുള്ളിക്കാട്ടിൽ, സിഎംഐ, തേക്കിൻകാട് ജോസഫ്, മാത്യൂസ് ഓരത്തേൽ എന്നിവരുൾപ്പെട്ട സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.