News Poonjar

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈ സ്കൂൾ , ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ദ്വിദിന സിവിൽ സർവ്വീസ് ക്യാമ്പ്

പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എജുക്കേഷൻ പ്രോജക്ടിന് കീഴിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ കുട്ടികൾക്കായി നടന്നുവരുന്ന ദ്വിദിന സിവിൽ സർവീസ് ക്യാമ്പ് വാഗമൺ- വഴിക്കടവിലെ എച്ച് ആർ ഡി ക്യാമ്പസിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്യാമ്പ് കോർഡിനേറ്റർ അഭിലാഷ് ജോസഫ്, ക്യാമ്പ് ഡയറക്ടർ ജോർജ് കരുണയ്ക്കൽ, സി. ലിൻസി സി.എസ്.സി എന്നിവർ പ്രസംഗിച്ചു.

എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

പഠന മികവും, സാമർത്ഥ്യവും, നേതൃത്വശേഷിയുമുള്ള കുട്ടികളെ സിവിൽ സർവീലേക്ക് ആകർഷിക്കുക, കൂടാതെ സിവിൽ സർവീസ് പരീക്ഷയ്ക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനും, സിവിൽ സർവീസ് പ്രവേശന പരീക്ഷ രീതികളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്നതിനും, സിവിൽ സർവീസിന്റെ സാധ്യതകൾ ബോധ്യപ്പെടുത്തുന്നതിനും, ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രഗൽഭ പരിശീലകരാണ് ക്യാമ്പിൽ ക്ലാസുകൾ നയിക്കുന്നത്.

കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഐഎഎസ്, പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജി.ജയദേവ് ഐപിഎസ് എന്നിവർ കുട്ടികളുമായി സംവദിക്കും.

പ്രശസ്ത പരിശീലകരായ ജോർജ് കരുണയ്ക്കൽ, ഡോ. ആൻസി ജോസഫ്, പ്രൊഫ. ടോമി ചെറിയാൻ, പ്രൊഫ. മാത്യു ജെ. മുരിക്കൻ, ഡോ.മാത്യു കണമല, അഭിലാഷ് ജോസഫ്, നിതിൻ ജോസ് എന്നിവരും ക്യാമ്പിൽ ക്ലാസുകൾ നയിക്കും.

ഭാവി തലമുറയെ മികച്ചവരാക്കി മാറ്റുന്നതിലൂടെയാണ് നമുക്ക് സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുക. നമ്മുടെ നാടിന്റെ പരാധീനതകളും, പിന്നോക്കാവസ്ഥയും ഒക്കെ പരിഹരിക്കാൻ നമ്മുടെ മുൻപിൽ ഒറ്റമൂലികളൊന്നുമില്ല.

അതിന് നമുക്ക് ഏറ്റവും മികച്ച മാർഗ്ഗം നമ്മുടെ വളരുന്ന തലമുറയെ പ്രഗൽഭരും,മികവുറ്റവരുമാക്കി മാറ്റി തീർക്കുക എന്നുള്ളതാണ്.

അതിനായുള്ള പദ്ധതികളാണ് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രൊജക്ററ്റിലൂടെ നടപ്പിലാക്കി വരുന്നത്. അതിനുള്ള ഒരു ശ്രദ്ധേയമായ ചുവടുവെയ്പ്പാണ് ഈ സിവിൽ സർവീസ് ക്യാമ്പ്.

Leave a Reply

Your email address will not be published.