പാലാ: പാലാ കോടതി സമുച്ചയത്തിനു സമീപം ചെത്തി മററത്ത് നഗരസഭ നിർമ്മിച്ച ലോയേഴ്സ് ചേമ്പറും കൊമേഴ്സ്യൽ കോംപ്ലക്സും സെപ്തം 23 ന് തുറന്നു നൽകുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പത്ര സമ്മേളനത്തിൽ അറിയിച്ചു.

നഗരത്തിലെ വിവിധ കെട്ടിടങ്ങളിലും മിനി സിവിൽ സ്റ്റേഷനിലുമായി പ്രവർത്തിച്ചുകൊണ്ടിരുന്ന നിരവധി കോടതികൾ സംസ്ഥാന പാതയിലെ ചെത്തിമറ്റത്തുള്ള കോടതി സമുച്ചയത്തിലേക്ക് മാറിയതിനെ തുടർന്ന് നഗരത്തിൽ ഓഫീസ് ഉണ്ടായിരുന്ന അഭിഭാഷകർക്ക് ഉണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്താണ് മുൻ മന്ത്രി കെ.എം.മാണിയുടെ നിർദ്ദേശം അനുസരിച്ച് കോടതിക്ക് സമീപമായി ലോയേഴ്സ് ചേമ്പർ നിർമ്മിക്കുവാൻ നഗരസഭ തീരുമാനിച്ചത്.
നിയമ വകുപ്പു മന്ത്രി കൂടിയായിരുന്ന കെ.എം.മാണിയുടെ പ്രത്യേക താത്പര്യത്താലാണ് ചെത്തിമറ്റത്ത് കോർട്ട് കോംപ്ലക്സ് നിർമ്മിച്ചത്. എം. എ.സി.ടി കോടതി, കുടുംബകോടതി, ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, മുനിസിഫ് കോടതി, സബ് കോടതി എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്നത്.നഗരസഭാ വക 85 സെൻ്റ് സ്ഥലമാണ് നഗരസഭ സൗജന്യമായി കോടതി സമുച്ചയത്തിനായി വിട്ടു നൽകിയത്.
നഗരസഭ 3.5 കോടി മുടക്കിയാണ് ലോയേഴ്സ് ചേമ്പറും കെമേഴ്സ്യൽ കോംപ്ലക്സും നിർമ്മിച്ചത്. മൂന്ന് നിലകളിലായി ശുചി മുറി സൗകര്യത്തോടെ 72 മുറികളാണുള്ളത്. വാണിജ്യ ഉപയോഗത്തിനായുള്ള മുറികളും സജ്ജീകരിച്ചിട്ടുണ്ട്. പാലായ്ക്ക് പുറമെ നിന്നും ഇവിടെ പ്രക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് ഓഫീസ് സൗകര്യമില്ലാതെ വിഷമിക്കുകയായിരുന്നു. വിസ്തൃതമായ പാർക്കിoഗ് സൗകര്യവും ഉണ്ട്.
മുറികൾക്ക് കുറഞ്ഞ വാടക നിരക്കും സെക്യൂരിറ്റി നിക്ഷേപവുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ 19 ന് മുറികൾ ലേലം ചെയ്യും.

സെപ്തം. 23 ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ജോസ്.കെ.മാണി എം.പി കോംപ്ലക്സ് മന്ദിരം ഉദ്ഘാടനം ചെയ്യും.മാണി സി. കാപ്പൻ എം.എൽ.എ മുഖ്യ പ്രഭാഷണവും ആദരിക്കലും നടത്തും.കോടതി ജഡ്ജിമാർ, ബാർ അസോസിയേഷൻ ഭാരവാഹികൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, വിവിധ കക്ഷി നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
പത്ര സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, ബൈജു കൊല്ലംപറമ്പിൽ, ഷാജു തുരുത്തൻ, തോമസ് പീറ്റർ, നീനാ ചെറുവള്ളി, സാവിയോ കാവുകാട്ട്, അതി ശശികുമാർ ,ആർ. സന്ധ്യ എന്നിവരും പങ്കെടുത്തു.