Pala

ലഹരിക്കെതിരെ താക്കീതുമായി ചാവറ സ്കൂൾ വിദ്യാർത്ഥികളുടെ വിളംബര ഘോഷയാത്ര

പാലാ: ലഹരിക്കെതിരെ മനുഷ്യ മന:സാക്ഷി ഉണരണമെന്ന സന്ദേശവുമായി ചാവറ പബ്ലിക് സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര ലഹരിക്കെതിരെയുള്ള വിദ്യാർ സമൂഹത്തിൻ്റെ താക്കീതായി മാറി.

സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ജോസ് കെ മാണി എംപി ഫ്ലാഗ് ഓഫ് ചെയ്തു. മുൻ പ്രിൻസിപ്പൽ ഫാദർ ഇമ്മാനുവേൽ പഴയപുര ആമുഖസന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ ഫാദർ സാബു കൂടപ്പാട്ട് നേതൃത്വം വഹിച്ച ജാഥയിൽ മാനേജർ ഫാ. ജോസുകുട്ടി പടിഞ്ഞാറേപീടിക, അഡ്മിനിസ്ട്രേറ്റർ ഫാ ബാസ്റ്റിൻ മംഗലത്ത്, പി ടി എ വൈസ് പ്രസിഡന്റ് ഡോ. ഷീന സ്കറിയ, പി.ടി.എ അംഗങ്ങൾ, അധ്യാപകർ, മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

മൂവായിരത്തോളം കുട്ടികൾ അണിനിരന്ന ഘോഷയാത്ര പഠനമാണ് ലഹരി ലഹരിയാണ് പഠനം എന്ന ആപ്തവാക്യമുയർത്തി ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകളും ഉയർത്തിയിരുന്നു. 150 ഓളം കലാകാരന്മാർ അണിനിരന്ന വിവിധ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി.

ചാവറ പിതാവിന്റെ തിരുസ്വരൂപം വഹിച്ച രഥങ്ങൾ അകമ്പടി സേവിച്ച ഘോഷയാത്രയിൽ കുഞ്ഞു മാലാഖമാരുടെ വേഷത്തിലുള്ള കുട്ടികളും പഞ്ചവാദ്യവും കൊട്ടക്കാവടിയും കരകാട്ടവും എയർ ഡോളുകളും ശിങ്കാരിമേളവും പുതുതലമുറയുടെ വാദ്യം തമ്പോലവും ഘോഷയാത്രയെ മിഴിവുറ്റതാക്കി മാറ്റി.

സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന ഘോഷയാത്ര ലഹരിക്കെതിരെയുള്ള പുതുതലമുറയുടെ ഐക്യദാർഢ്യം സൂചിപ്പിച്ച് ബലൂണുകൾ പറത്തി രജത ജൂബിലി വിളംബര ജാഥയ്ക്ക് സമാപനം കുറിച്ചു. രജത ജൂബിലി ആഘോഷങ്ങൾ 5 ന് രാവിലെ 11ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published.