പാലാ: പാലാ സെന്റ് തോമസ് കോളേജ് അലുംനി അസോസ്സിയേഷൻ പൂർവ്വവിദ്യാർത്ഥികളുടെ പ്രത്യേക മേഖലയിലുള്ള സംഭാവനകൾക്ക് വർഷംതോറും നൽകി വരുന്ന ബിഷപ്പ് വയലിൽ മെമ്മോറിയൽ അവാർഡിന് ലഫ്. ജനറൽ മൈക്കിൾ മാത്യൂസ് കൊട്ടാരം അർഹനായി. സൈനിക അർദ്ധസൈനിക മേഖലകളിൽ മികവ് പ്രകടിപ്പിച്ച് പൂർവ്വ വിദ്യാർത്ഥികളിൽ നിന്നായിരുന്നു അവാർഡ് ജേതാവിനെ
തെരഞ്ഞെടുത്തത്.
മുൻ ഡി.ജി.പി സിബി മാത്യൂസ് ചെയർമാനും കേണൽ കെ.ജെ.തോമസ്, പത്രപ്രവർത്തകനായ ദേവപ്രസാദ് എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 24 ന് ഉച്ചകഴിഞ്ഞ് 2 ന് പാലാ സെന്റ് തോമസ് കോളേജിലെ സെന്റ് ജോസഫ് ഹാളിൽ അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡിജോ കാപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കേരളാ ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് അവാർഡ് സമ്മാനിക്കും .
റവ.ഫാ.പൗലോസ് കുന്നത്തേടം അവാർഡ് പാലാ രൂപതാ വികാരി ജനറാളും കോളേജ് മാനേജരുമായ മോൺ ജോസഫ് തടത്തിൽ റവ.ഫാ.തോമസ് ഓലിയ്ക്കലിന് സമ്മാനിയ്ക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ജെയിംസ് ജോൺ മംഗലത്ത് മുഖ്യ പ്രഭാഷണം നടത്തും.

അന്താരാഷ്ട്ര മാസ്റ്റേഴ്സ് നീന്തൽ മൽസരത്തിൽ സ്വർണ്ണ മെഡൽ ജേതാവായ പ്രൊഫ.റ്റി.സെബാസ്റ്റ്യൻ, വെള്ളി മെഡലിന് അർഹനായ വി.ജെ തോമസ് തോപ്പൻ, ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ പടിപ്പുരയ്ക്കൽ ഗോപാലകൃഷ്ണൻ എന്നീ പൂർവ്വ വിദ്യാർത്ഥികളെ യോഗത്തിൽ പ്രത്യേകമായി ആദരിക്കും.