തൊടുപുഴ: കേരള കോണ്‍ഗ്രസ് എം എന്നും കര്‍ഷക അഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം ബേബി ഉഴുത്തുവാല്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കെഎം മാണി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്തരിച്ച പാര്‍ട്ടി നേതാവ് കെഎം മാണി തന്റെ ബഡ്ജറ്റുകളിലൂടെ പ്രഖ്യാപിച്ചതും പ്രവര്‍ത്തിച്ചതും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടിയായിരുന്നു. കര്‍ഷക ,കര്‍ഷക തൊഴിലാളി പെന്‍ഷനുകളും കാരുണ്യ പദ്ധതിയും അദ്ദേഹത്തിന്റെ ജനകീയ ആഭിമുഖ്യം വെളിവാക്കുന്നതാണ്.
വെളിച്ച വിപ്ലവവും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും സാമൂഹ്യ ജലസേചന പദ്ധതിയും താലൂക്ക് സഭകളും വഴി അദ്ദേഹം ലക്ഷ്യമിട്ടത് സാമൂഹ്യക്ഷേമവും പുരോഗതിയുമായിരുന്നു. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ആശയം ഇന്ത്യന്‍ ഫെഡറലിസത്തിന് കരുത്തും സൗന്ദര്യവും പകര്‍ന്നു.
കെഎം മാണിയുടെ ബഡ്ജറ്റുകളെ കിഴക്കുനോക്കി ബഡ്ജറ്റുകളെന്ന് ആക്ഷേപിച്ചവര്‍ പോലും അതിന്റെ ജനകീയ മുഖത്തെ അംഗീകരിച്ചിരുന്നുവെന്നും ഉഴുത്തുവാല്‍ പറഞ്ഞു. പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, ജയകൃഷ്ണന്‍ പുതിയേടത്ത്, മാത്യു വാരികാട്ട്, അപ്പച്ചന്‍ ഓലിക്കരോട്ട്, ബെന്നി പ്‌ളാക്കുട്ടം, അംബിക ഗോപാലകൃഷ്ണന്‍, ഷാനി ബെന്നി, കുര്യാച്ചന്‍ പൊന്നാമറ്റം, കെവിന്‍ അറയ്ക്കല്‍, റോയ് ലൂക്ക് പുത്തന്‍ കളം, പി.ജി.ജോയി അബ്രാഹം അടപ്പൂര്, ജോസ് കുന്നുംപുറം,ജോസി വേളാച്ചേരി, ജോസ് മാറാട്ടില്‍, ശ്രീജിത്ത് ഒളിയറക്കല്‍, ജോസ് പാറപ്പുറം,ഷീന്‍ പണികുന്നേല്‍,ലിപ്‌സണ്‍ കൊന്നയ്ക്കല്‍, സ്റ്റാന്‍ലി കീത്താപള്ളി, തോമസ് വെളിയത്ത്മാലി, ബാബു ചൊള്ളാനി, ജോജോ അറക്കകണ്ടം, ജോര്‍ജ് അറയ്ക്കല്‍,സണ്ണി കടുത്തലകുന്നേല്‍, ജോര്‍ജ് പാലക്കാട്ട്, ജോസ് മഠത്തിനാല്‍,റോയി വാലുമ്മേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.