Erattupetta

ആര്യാടന്‍ മുഹമ്മദ് ജ്യേഷ്ഠ സഹോദരന്‍, പൂഞ്ഞാറിനോട് പ്രത്യേക താല്‍പര്യം കാണിച്ചിരുന്നുവെന്ന് പിസി ജോര്‍ജ്

ഇന്നു പുലര്‍ച്ചെ അന്തരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന് ആദരാഞ്ജലിയര്‍പ്പിച്ച് പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും കേരള ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്.

താന്‍ എന്നും ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന ഒരു ജ്യേഷ്ഠ സഹോദരനായിരുന്നു ആര്യാടന്‍ മുഹമ്മദെന്നും താനും വലിയ പുകവലിക്കാരായിരുന്നുവെന്നും തന്നെ പുകവലി നിര്‍ത്താന്‍ ഉപദേശിക്കുമായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുതിര്‍ന്ന നേതാവിന് പിസി ജോര്‍ജ് ആദരാഞ്ജലിയര്‍പ്പിച്ചത്. കുറിപ്പിന്റെ പൂര്‍ണ രൂപം ചുവടെ.

കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് നമ്മെ വിട്ടുപിരിഞ്ഞു. വ്യക്തിപരമായി എന്നും ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന ഒരു ജ്യേഷ്ഠ സഹോദരന്‍ .

അദ്ദേഹം മന്ത്രിയായിരുന്നപ്പോഴെല്ലാം എന്നും പൂഞ്ഞാറിനോട് ഒരു കരുതല്‍ സൂക്ഷിച്ചിരുന്നു. അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഈരാറ്റുപേട്ടയെ മേജര്‍ സെക്ഷനായി രൂപീകരിക്കാനും പൂഞ്ഞാര്‍ സെക്ഷന്‍ രൂപീകരിക്കാനുമെല്ലാം ഏറ്റവും സഹായിച്ച വ്യക്തിത്വം.

മലബാറിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു ആര്യാടന്‍ മുഹമ്മദ്. നിയമസഭയ്ക്കുള്ളില്‍ അടുത്ത സൗഹൃദമായിരുന്നു എനിക്ക് ആര്യാടനുമായി ഉണ്ടായിരുന്നത്.നിയമസഭയിലെ അറിയപ്പെടുന്ന പുകവലിക്കാരായിരുന്നു ഞാനും അദ്ദേഹവും.

സഭാ സമ്മേളനത്തിന്റെ ഇടവേളകളില്‍ സമയം കിട്ടുമ്പോഴൊക്കെ ഏറ്റവും കൂടുതല്‍ സിഗരറ്റ് വലിക്കുന്ന ആളുകളായാണ് ഞങ്ങള്‍ അറിയപ്പെട്ടിരുന്നത്. അദ്ദേഹം തന്നെ പുകവലി നിര്‍ത്തണം അപകടമാണെന്ന് എന്നോട് പലപ്രാവശ്യം പറഞ്ഞിരുന്നു.

അദ്ദേഹവും ഞാനും പുകവലി നിര്‍ത്തിയത് ആളുകള്‍ക്കിടയില്‍ ഒരത്ഭുതം ആയിരുന്നു. ജേഷ്ഠ സഹോദരനെ നഷ്ടപ്പെട്ട വേദന പങ്കുവെക്കുന്നു. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published.