കോട്ടയം : ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഭീതിപടര്‍ത്തിക്കൊണ്ടിരിക്കുന്ന അരിക്കൊമ്പനെ വിഷയത്തില്‍ കേരള ഹൈക്കോടതി സ്വമേധയ ഉള്ള കേസില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി കക്ഷിചേര്‍ന്നു.
മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട കേസിലാണ് അരിക്കൊമ്പനെ ഈ മാസം 29 വരെ മയക്കുവെടിവെച്ച് പിടികൂടരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്.
കേരളമെമ്പാടും നടന്ന വന്യജീവി ആക്രമണങ്ങളുടെ വിശദാംശങ്ങളും വന്യജീവി ആക്രമണങ്ങളില്‍ നിന്നും മനുഷ്യന് ലഭിക്കേണ്ട സംരക്ഷണം കാലോചിതമായി നടപ്പാക്കത്തതിനാല്‍ സംഭവിക്കുന്ന ബുദ്ധിമുട്ടുകളും കേസില്‍ കക്ഷിചേര്‍ന്നുകൊണ്ട് ജോസ് കെ.മാണി ചൂണ്ടിക്കാട്ടി.
ഒരു വലിയ ജീവിത പ്രതിസന്ധിയാണ് കാടിറങ്ങുന്ന മൃഗങ്ങളുടെ ആക്രമണം കേരളത്തിലുടനീളം സൃഷ്ടിക്കുന്നത്. വനത്തേയും, വന്യജീവികളേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1972 ല്‍ നിലവില്‍ വന്നതാണ് കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം. ഇന്ന് മൃഗങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി എന്നാണ് വനം വകുപ്പിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

വന്യജീവികള്‍ കാട്ടില്‍ നിന്നും കൂട്ടത്തോടെ കാടിറങ്ങുന്നു. വന്യജീവി ആക്രമണത്തില്‍ ജീവനാശവും, കൃഷിനാശവും തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കാര്‍ഷിക മേഖലയിലെ ഇത്തരം ജനവിരുദ്ധ വ്യവസ്ഥകളെയും ചട്ടങ്ങളെയും ചെറുക്കണം. കര്‍ഷകന്‍ കഠിനമായി അദ്ധ്വാനിച്ച് വിളയിക്കുന്ന കൃഷി കൂട്ടത്തോടെ മൃഗങ്ങള്‍ നശിപ്പിക്കുന്നു.
മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കാത്ത ഒരു നിയമത്തിനും പ്രസക്തിയില്ല. 1972 ലെ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്ന് രാജ്യസഭയില്‍ ആവശ്യമുന്നയിക്കുകയും കേന്ദ്ര വനംപരിസ്ഥിതി മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്.