kottayam

അരിക്കൊമ്പന്‍ വിധി ആശ്വാസം: ജോസ് കെ മാണി

കോട്ടയം: അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവ് താല്‍കാലിക ആശ്വാസമാണെന്ന്  കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി. കഴിഞ്ഞ കുറെക്കാലമായി ചിന്നക്കനാല്‍ മേഖലയിലെ ജനങ്ങള്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായിരിക്കുകയാണ്.

എന്നാല്‍ കേരളത്തിലെ ജനവാസ മേഖലകളില്‍ മനുഷ്യരുടെ  ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിന് ഈ വിധി ശാശ്വതപരിഹാരമാര്‍ഗ്ഗമല്ല. ജനവാസ മേഖലകളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന അരിക്കൊമ്പന്‍ വീണ്ടും പറമ്പിക്കുളത്തെ ജനവാസ മേഖലകളില്‍ എത്താനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.

ഇങ്ങനെയുള്ള വന്യമൃഗങ്ങളെ സംസ്ഥാനത്തിന് പുറത്തുള്ള ജനവാസമേഖലകളല്ലാത്ത വനപ്രദേശങ്ങളിലേക്ക് മാറ്റുകയെന്നതാണ് പ്രായോഗിക പരിഹാരമാര്‍ഗ്ഗം. വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലെത്തി മനുഷ്യ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന സംഭവങ്ങള്‍ തടയുന്നതിന് ശാശ്വതമായ പരിഹാരം തേടികൊണ്ടുള്ള നിയമ പോരാട്ടവും വന്യജീവിസംരക്ഷണനിയമം ഭേദഗതി ചെയ്യുന്നതിനുള്ള രാഷ്ട്രീയപോരാട്ടവും തുടരുമെന്നും ജോസ് കെ മാണി പറഞ്ഞു.

Leave a Reply

Your email address will not be published.