kottayam

ലഹരിക്കെതിരെയുള്ള മുന്നേറ്റം; മദ്യത്തെ സുരക്ഷിതമാക്കി സര്‍ക്കാര്‍ : പ്രസാദ് കുരുവിള

കോട്ടയം: ലഹരിക്കെതിരെയുള്ള മുന്നേറ്റം നാനാ മേഖലകളില്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമ്പോഴും അപകടലഹരിയുടെ ഗണത്തില്‍ നിന്നും തന്ത്രപൂര്‍വ്വം മദ്യത്തെ സുരക്ഷിതമാക്കി യഥേഷ്ടം മദ്യശാലകളും, വിവിധയിനം മദ്യങ്ങളും അനുവദിച്ച് കൂടുതല്‍ സൗകര്യമൊരുക്കുകയാണ് സര്‍ക്കാരെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി മുന്‍ സംസ്ഥാന സെക്രട്ടറിയും അലൈന്‍സ് ഓഫ് ടെംപറന്‍സ് സംസ്ഥാന പ്രസിഡന്റുമായ പ്രസാദ് കുരുവിള.

വിവിധ ലഹരിവിരുദ്ധ പ്രസ്ഥാനങ്ങളുടെ ഏകോപന സംവിധാനമായ അലൈന്‍സ് ഓഫ് ടെംപറന്‍സിന്റെ സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. മയക്കു മരുന്നുകള്‍ക്കെതിരെയുള്ള മുന്നേറ്റം സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ ലഹരിവസ്തുക്കളില്‍ നിന്നും എങ്ങനെ മദ്യം പുറത്തായെന്ന് സര്‍ക്കാരും സംവിധാനങ്ങളും വ്യക്തമാക്കണം.

പരുക്കേല്‍ക്കാത്തതും മുഖം മോശമാകാത്തതുമായ പ്രവര്‍ത്തനമായതുകൊണ്ട് സര്‍ക്കാരിനും, സമുദായങ്ങള്‍ക്കും, കള്ളുകുടിയന്‍മാര്‍ക്കും, അബ്കാരികള്‍ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്ന ഏക മേഖലയാണ് ലഹരിവിരുദ്ധ മേഖല. കള്ളുകുടിയന്‍മാരും വില്പനക്കാരും പോലും മയക്കുമരുന്നുകള്‍ക്കെതിരെ രംഗത്തുണ്ട്.

വരുമാനം ലഭിക്കുമെങ്കില്‍ തന്ത്രപൂര്‍വ്വം മദ്യവിഷയത്തില്‍ നിന്നും സമുദായ പ്രസ്ഥാനങ്ങളും ഉള്‍വലിഞ്ഞ് സേഫ് മേഖല കണ്ടെത്തും. ഒരു ലഹരിയെ തുരുത്താന്‍ ‘കള്ളു കുടിച്ച് മെന്റലായവരെ മെന്റര്‍മാരാക്കുന്ന സമീപനവും’ ചില വിഭാഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇത് വിരോധാഭാസമാണ്.

കള്ളുകുടിച്ച് രക്തം ഛര്‍ദ്ദിച്ചും, കരള്‍ തകര്‍ന്നും മരിച്ച വ്യക്തിയുടെ ശവസംസ്‌കാര ചടങ്ങുകളുടെ ചിലവിനത്തില്‍ പെടുത്തിപ്പോലും രൂപാ 5000 മുതല്‍ 25000 വരെ പ്രത്യേക ബില്ലായി വീട്ടുടമസ്ഥന് നല്കുന്ന പ്രാകൃത സമീപനം നമ്മുടെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്. മരണ വീടുകളിലെ മദ്യാഘോഷം കണ്ടില്ലെന്ന് നടിക്കുകയാണ് നടപടി സ്വീകരിക്കേണ്ടവര്‍.

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് ജോസഫ് കവിയില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തോമസുകുട്ടി മണക്കുന്നേല്‍, ജോസ് ഫ്രാന്‍സീസ്, അലക്‌സ് കെ. ഇമ്മാനുവേല്‍, ജോര്‍ജ്ജുകുട്ടി തോമസ്, ജേക്കബ് തോമസ്, എം.കെ. അലിയാര്‍, ഹാരിസ് മുഹമ്മദ്, ജി. സോമനാഥന്‍ പിള്ള, റവ. എം.എസ്. തര്യന്‍, ഫാ. അലക്‌സ് തേക്കുംതോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.