പൂഞ്ഞാർ : 2021 ലെ മഹാ പ്രളയത്തിൽ തകർന്ന പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 5-)o വാർഡിലെ മണ്ണുങ്കൽ- അടിവാരം റോഡിന്റെ കൈപ്പള്ളി-മുട്ടം ഭാഗത്തെ സംരക്ഷണഭിത്തി തകർന്നത് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
ഈ റോഡ് തകർന്നതോടുകൂടി ഈ പ്രദേശത്തെ ജനങ്ങൾ ഏറെ യാത്രാദുരിതം അനുഭവിച്ചിരുന്നു. കൈപ്പള്ളി – ഏന്തയാർ റോഡിലെ മുട്ടം ഭാഗത്തുനിന്നും ആരംഭിച്ച് അടിവാരത്ത് എത്തിച്ചേരുന്ന 5 കിലോമീറ്റർ നീളമുള്ള റോഡിലൂടെ ഗതാഗതം ഏറെ ദുഷ്കരമാവുകയും തന്മൂലം പ്രദേശവാസികൾ പലപ്പോഴും കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയുമായിരുന്നു.
ഈ സാഹചര്യത്തിലാണ് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ അനുവദിച്ച് തകർന്നു പോയ സംരക്ഷണഭിത്തി 25മീറ്റർ നീളത്തിലും 5 മീറ്റർ ഉയരത്തിലും കോൺക്രീറ്റ് ഭിത്തിയായി നിർമ്മിക്കുകയും , കൂടാതെ റോഡിന്റെ ഇരുവശങ്ങളും സൈഡ് കോൺഗക്രീറ്റിങ് നടത്തി ബലപ്പെടുത്തുകയും ചെയ്തത്. ഈ ഭാഗം പലപ്പോഴും ഉരുൾപൊട്ടൽ മൂലം മുൻപും തകരാറുകൾ സംഭവിച്ചിരുന്നതാണ്. ഇനി റോഡ് തകരുന്നത് ഒഴിവാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

യോഗത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി , മെമ്പർമാരായ രാജമ്മ ഗോപിനാഥ്, ആനിയമ്മ സണ്ണി, പൊതു പ്രവർത്തകരായവിനോദ് കുന്നേൽ, അജി കെ റ്റി., മനോജ്, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു മനോജ് എന്നിവർ പ്രസംഗിച്ചു.