പാലാ: കോട്ടയം സ്നേഹക്കൂട് അഭയമന്ദിരം ദേശീയോദ്ഗ്രഥനത്തിന് ഏർപ്പെടുത്തിയ റെസ്പോൺസബിൾ സിറ്റിസൺ പുരസ്കാരത്തിന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അർഹനായി.
25001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം 16 കേരള ബറ്റാലിയൻ കമാൻഡിംങ് ഓഫീസർ കേണൽ പി ദാമോദരൻ കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങിൽ സമ്മാനിച്ചു. ദേശീയപതാക, ദേശീയഗാനം തുടങ്ങിയവയുടെ ദുരുപയോഗത്തിനെതിരെ കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തിലേറെയായി നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

ഇസ്രായേൽ, ചെക്ക് റിപ്പബ്ളിക് എന്നീ രാജ്യങ്ങളിലെ മദ്യക്കുപ്പികളിൽ ഗാന്ധിജിയുടെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ചിത്രം പിൻവലിപ്പിച്ചത് എബിയായിരുന്നു. പാലായിൽ നഗരസഭ അനുവദിച്ച സ്ഥലത്ത് ഗാന്ധിസ്ക്വയറും പ്രതിമയും ഈ അടുത്ത കാലത്ത് എബിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്നു.
ചടങ്ങിൽ സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. അഡ്വ. സജയൻ ജേക്കബ്, അനുരാജ് ബി കെ, സജീഷ് മണലേൽ, വീർചക്ര ജേതാവ് ഹവീൽദാർ കെ ജി ജോർജ്, കീർത്തിചക്ര ജേതാവ് ഹവീൽദാർ വർഗ്ഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു. എബി ജെ ജോസ് മറുപടി പ്രസംഗം നടത്തി.