അരുവിത്തുറ: ചരിത്ര പ്രസിദ്ധമായ അരുവിത്തുറ ദേവാലയത്തിലേക്ക് തീർഥാടകരുടെ പ്രവാഹം പീഡാനുഭവ വാരത്തിലും തുടരുന്നു. അതുപോലെ കിഴക്കിന്റെ മടിത്തട്ടിൽ ഹരിത ചാരുതയാർന്ന അരുവിത്തുറ വല്ല്യച്ചൻമലയിലേക്ക് തീർഥാടകരുടെ പ്രവാഹമാണ്.
വലിയനോമ്പിലെ എല്ലാ ദിവസവും വൈകിട്ട് 5.15ന് വല്യച്ചൻമലയുടെ അടിവാരത്തു നിന്നു ഭക്തിപൂർവ്വമായി മലയിലേക്ക് സ്ലീവാപാതയും തുടർന്ന് വിശുദ്ധ കുർബാനയും നടന്നുവരുകയാണ്. നാൽപതാം വെള്ളി മുതൽ തീർഥാടകർ എല്ലാ ദിവസവും രാവിലെ മുതൽ വല്ല്യച്ചൻമലയിലേക്ക് സ്ലീവാപാത നടത്തുന്നു.
അരുവിത്തുറ പള്ളിയിലെ വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ തുടക്കമാകുന്നത് മാർച്ച് 28ആം തീയതി പെസഖാ വ്യാഴാഴ്ച രാവിലെ 7മണിക്കു വിശുദ്ധ കുർബാനയ്ക്കിടയിൽ നടത്തുന്ന കാൽകഴുകൽ ശുശ്രൂഷയോടെയാണ്.
മാർച്ച് 29 ദുഃഖവെള്ളിയാഴ്ച രാവിലെ 7ന് ദേവാലയത്തിൽ പീഡാനുഭവ ശുശ്രൂഷ ആരംഭിക്കും. 8.30ന് പള്ളിയിൽ നിന്നും വല്ല്യച്ചൻ അടിവാരത്തേയ്ക്ക് ജപമാല പ്രദക്ഷിണവും തുടർന്ന് മലയയടിവാരത്തു നിന്ന് 9 മണിയ്ക്ക് കുരിശിന്റെ വഴി മലയിലേക്ക് ഉണ്ടായിരിക്കുന്നതാണ്.
ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴു മുതൽ തീർഥാടകർക്കായി നേർച്ചകഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. ദുഃഖശനിയാഴ്ച രാവിലെയുള്ള വിശുദ്ധ കുർബാന മദ്ധ്യേ പുത്തൻതീയും പുത്തൻ വെള്ളവും വെഞ്ചിരിക്കും.
മാർച്ച് 31ന് ഉയിർപ്പ് തിരുനാൾ ദിവസം വെളുപ്പിന് 3ന് തിരുക്കർമ്മങ്ങൾ ആരംഭിക്കും. വികാരി റവ. ഫാ. സെബാസ്റ്റ്യാൻ വെട്ടുകല്ലേൽ, അസി. വികാരിമാരായ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ. ജോസഫ് കദളിയിൽ, ഫാ. ഫ്രാൻസീസ് മാട്ടേൽ, ഫാ. ജോസഫ് കുഴിമുള്ളിൽ, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കൈക്കാരന്മാരായ തൊമ്മച്ചൻ കുന്നക്കാട്ട്, ജോസ്കുട്ടി കരോട്ടുപുള്ളോലിൽ, പ്രിൻസ് പോർക്കാട്ടിൽ, ടോം പെരുന്നിലം എന്നിവർ നേതൃത്വം വഹിക്കും.