എരുമേലി : എരുമേലി ഗ്രാമപഞ്ചായത്തിലെ പഴയിടം-ചേനപ്പാടി-എരുമേലി റോഡ് റീടാർ ചെയ്യുന്നതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും 75 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ തകരാറിലായ റോഡ് പൂർണ്ണമായും റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് നാലു കോടി രൂപ ആവശ്യമായി വരുമെന്നാണ് എസ്റ്റിമേറ്റ് പ്രകാരം കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഒന്നേകാൽ കോടി രൂപ മുമ്പ് തന്നെ ഈ റോഡിന്റെ പുനരുദ്ധാരണത്തിന് അനുവദിക്കപ്പെട്ടത് നിലവിലുണ്ട്. ആവശ്യമായി വരുന്ന രണ്ടേമുക്കാൽ കോടി രൂപയിൽ രണ്ടുകോടി രൂപ കേരള വാട്ടർ അതോറിറ്റി പൈപ്പുകൾ സ്ഥാപിക്കുന്നതിന് റോഡ് പൊളിച്ചതുമായി ബന്ധപ്പെട്ട് പുനരുദ്ധാരണത്തിന് പൊതുമരാമത്ത് വകുപ്പിലേക്ക് അടയ്ക്കേണ്ടതുണ്ട്.

ഈ തുക ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് വാട്ടർ അതോറിറ്റിക്ക് വിശദമായ എസ്റ്റിമേറ്റിന്റെയും, ജോയിന്റ് ഇൻസ്പെക്ഷന്റെയും അടിസ്ഥാനത്തിൽ കത്ത് നൽകിയിട്ടുണ്ട്. ഈ തുക വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിലേക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.
ഈ തുകകൾ കൂടാതെ റോഡ് പുനർനിർമ്മാണത്തിന് 75 ലക്ഷം രൂപ കൂടി ആവശ്യമുണ്ടെന്ന് കാണിച്ച് വിശദമായ നിവേദനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിന് നൽകിയതിനെ തുടർന്നാണ് ആവശ്യമായ അധികതുകയായ 75 ലക്ഷം രൂപ അനുവദിച്ചതെന്നും , ലഭ്യമായ തുകകൾ ഉപയോഗിച്ചുള്ള പുനരുദ്ധാരണ പ്രവർത്തികൾ നടത്തുന്നതിന് പരമാവധി വേഗത്തിൽ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.