കാഞ്ഞിരപ്പള്ളി : സംസ്ഥാന ഭൂജല വകുപ്പ് മുഖാന്തരം പാറത്തോട് ഗ്രാമപഞ്ചായത്ത് 6,7 വാർഡുകളിൽ നടപ്പാക്കുന്ന മഹാത്മാ നഗർ കുടിവെള്ള പദ്ധതിക്ക് 15.5 ലക്ഷം രൂപ അനുവദിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
നിലവിൽ ഈ പ്രദേശത്ത് സ്നേഹദീപം കുടിവെള്ള പദ്ധതി എന്ന പേരിൽ 15.70 ലക്ഷം രൂപ അനുവദിച്ച് ഒരു പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണ്. പ്രസ്തുത പദ്ധതിയിലൂടെ 100 ഓളം കുടുംബങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ആയതിന്റെ ജലസ്രോതസ്സ് വെളിച്ചിയാനി ഭാഗത്ത് നിർമ്മിച്ചിട്ടുള്ള കുഴൽക്കിണർ ആണ്. ഈ പ്രദേശത്ത് തോട്ടക്കര കോളനി ടോപ് ഭാഗത്ത് ടാങ്ക് നിർമ്മിച്ചു പ്രസ്തുത ടാങ്കിൽ നിന്നും ജലവിതരണം നടത്തിയാണ് സ്നേഹദീപം പദ്ധതി നടപ്പിൽ വരുത്തിയിട്ടുള്ളത്.
പ്രസ്തുത ജലസ്രോതസ്സിൽ നിന്നു തന്നെ മണിക്കൂറിൽ 15000 ലിറ്റർ ജലം പമ്പ് ചെയ്യാൻ കഴിയും എന്ന അധിക സ്രോതസ്സ് പ്രയോജനപ്പെടുത്തി സ്നേഹദീപം പദ്ധതിയുടെ ഒരു വിപുലീകരണം എന്ന നിലയ്ക്കാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് ജലവിതരണം നടത്താൻ കഴിയുന്ന മഹാത്മ കുടിവെള്ള പദ്ധതിയും നടപ്പിലാക്കുന്നത്.
രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ട് വരുന്ന പാറത്തോട് പള്ളിപ്പടി-തോട്ടക്കര കോളനി ഭാഗം, മഹാത്മാനഗർ ഭാഗം, പാറത്തോട് വേളാങ്കണ്ണിമാതാ ചർച്ച് ഭാഗം തുടങ്ങി പാറത്തോട് ഗ്രാമപഞ്ചായത്ത് 6,7 വാർഡുകളിലായി 130 ഓളം കുടുംബങ്ങൾക്ക് ഈ പദ്ധതികൾ വഴി കുടിവെള്ളം എത്തിക്കാൻ കഴിയും.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന ഗവൺമെന്റിന്റെ നൂറുദിന കർമ്മപരിപാടിയിൽ പെടുത്തിയാണ് ഈ പദ്ധതിക്ക് തുക അനുവദിച്ചിരിക്കുന്നത് എന്നും എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.